കൊച്ചി: സംഘടനാ തെരഞ്ഞെടുപ്പ് നീളുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷത്തിനു കാരണമാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും കെ.പി.സി.സി പുനഃസംഘടനയുടെയും ഉപതെരഞ്ഞെടുപ്പുകളുടെയും പേരില്‍ നീട്ടിക്കൊണ്ടുപോയ സംഘടനാ തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഏറെക്കുറേ ഉറപ്പായതോടെ ഗ്രൂപ്പ് ഭേദമില്ലാതെ സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം പ്രവര്‍ത്തകര്‍ രോഷം പങ്കുവെയ്ക്കുകയാണ്.
കുറച്ചു മാസങ്ങള്‍ക്കു മുന്‍പു നടത്തിയ ‘ടാലന്റ് ഹണ്ടി’ന്റെ മറവില്‍ നാമനിര്‍ദ്ദേശമാണു നടക്കുകയെന്നാണ് അതില്‍ പ്രധാന പരാതി. എ, ഐ ഗ്രൂപ്പുകള്‍ നേതൃസ്ഥാനങ്ങള്‍ പങ്കിടുന്നതോടെ പുനഃസംഘടന പ്രഹസനമാകും.
സംസ്ഥാന പ്രസിഡന്റായി എ ഗ്രൂപ്പ് ഷാഫി പറമ്പില്‍ എം.എല്‍.എയെയും വൈസ് പ്രസിഡന്റായി ഐ ഗ്രൂപ്പിലെ കെ.എസ് ശബരീനാഥന്‍ എം.എല്‍.എയെയും നിയോഗിക്കാന്‍ ഇരു ഗ്രൂപ്പുകളും തമ്മില്‍ ഏകദേശ ധാരണയായതായി ചൂണ്ടിക്കാട്ടിയാണ് ആരോപണം.
ഇവരുടെ നേതൃത്വത്തില്‍ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പിലെ പുനഃസംഘടിപ്പിക്കാനാണു നീക്കം. 1983-നു ശേഷം ജനിച്ചവര്‍ക്കു ഭാരവാഹിത്വം ലഭിക്കുമെന്നതിനാല്‍ 37 വയസ്സുള്ളവര്‍ വരെ വീണ്ടും നേതൃത്വത്തിലെത്തും.
കെ.എസ്.യു ഭാരവാഹിത്വം വിട്ടിറങ്ങിയ ചെറുപ്പക്കാര്‍ നാലുവര്‍ഷമായി യൂത്ത് കോണ്‍ഗ്രസില്‍ അവസരം തേടുന്നുണ്ടെങ്കിലും പുനഃസംഘടന നടക്കാത്തതിനാല്‍ രക്ഷയില്ലാത്ത സ്ഥിതിയാണ്.
സംഘടന നിര്‍ജീവമായതിനാല്‍ പി.എസ്.സി പരീക്ഷാ വിവാദം, എം.ജി സര്‍വകലാശാലാ മാര്‍ക്ക് ദാനം എന്നീ വിഷയങ്ങളില്‍പ്പോലും സംസ്ഥാന വ്യാപകമായി ഒരു പ്രതിഷേധം യൂത്ത് കോണ്‍ഗ്രസിന് സംഘടിപ്പിക്കാനാവുന്നില്ലെന്നതു പ്രവര്‍ത്തകരെ രോഷാകുലരാക്കുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സമരം സെക്രട്ടേറിയറ്റ് പടിക്കല്‍ മാത്രം ഒതുങ്ങിയെന്ന ആക്ഷേപമാണ് അവര്‍ ഉന്നയിക്കുന്നത്.
സംഘടനയ്ക്ക് ഊര്‍ജം ലഭിക്കണമെങ്കില്‍ പുതിയവര്‍ക്ക് അവസരം നല്‍കണമെന്നാണ് ആവശ്യം. പഴയ ഭാരവാഹികളെ മാറ്റി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുക, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വം ഒഴിഞ്ഞവര്‍ക്കു ഒഴിഞ്ഞവര്‍ക്ക് കോണ്‍ഗ്രസില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കുക തുടങ്ങിയ അവരുന്നയിക്കുന്ന ആവശ്യങ്ങളാണ്.