കമല്‍നാഥ് സര്‍ക്കാരില്‍ സിന്ധ്യക്ക് അതൃപ്തി; മധ്യപ്രദേശ് കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു
national news
കമല്‍നാഥ് സര്‍ക്കാരില്‍ സിന്ധ്യക്ക് അതൃപ്തി; മധ്യപ്രദേശ് കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th September 2019, 12:00 pm

ന്യൂദല്‍ഹി: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്നം മുറുകുന്നതിനിടെ വീണ്ടും ഭിന്നത. മഴക്കെടുതിയിലും വെള്ളപൊക്കത്തിലും നശിച്ച വിളകളെക്കുറിച്ച് കമല്‍ നാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ അതൃപ്തി രേഖപ്പെടുത്തി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയിരിക്കുകയാണ്.

നിലവില്‍ കമല്‍നാഥ് സര്‍ക്കാര്‍ നടത്തിയ സര്‍വ്വേയില്‍ പുനര്‍വിലയിരുത്തല്‍ നടത്തണമെന്നും നഷ്ടം നേരിട്ട കര്‍ഷകര്‍ക്ക് വ്യക്തമായ നഷ്ടപരിഹാരം നല്‍കണമെന്നും ജ്യോതി രാദിത്യ സിന്ധ്യ പറഞ്ഞു.

‘സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണം. ആദ്യഘട്ട സര്‍വ്വേയില്‍ എനിക്ക് അതൃപ്തിയുണ്ട്’ എന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കമല്‍നാഥ് സര്‍ക്കാര്‍ ഒരാഴ്ച മുമ്പ് നടത്തിയ പ്രാഥമിക സര്‍വേയില്‍ 24 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് 9,600 കോടി രൂപയുടെ വിളയ്ക്ക് നാശമുണ്ടായെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇന്‍ഷൂറന്‍സ് സ്‌കീമിന് പുറമേ കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും നഷ്ടപരിഹാരം നല്‍കണമെന്നും സിന്ധ്യ ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വെച്ച സിന്ധ്യ വൈകാതെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനായുള്ള സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ചുമതല ഏറ്റെടുത്തിരുന്നു. എന്നാല്‍ അദ്ദേഹം ഇതില്‍ തൃപ്തരല്ലെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിലാണ് അദ്ദേഹത്തിന് താല്‍പര്യമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. നിലവില്‍ മുഖ്യമന്ത്രിയായ കമല്‍നാഥ് തന്നെയാണ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയും വഹിക്കുന്നത്.

ജ്യോതിരാദിത്യ സിന്ധ്യയെ സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയതോടെയാണ് പ്രശ്നം തുടങ്ങിയത്.

സിന്ധ്യക്ക് അധ്യക്ഷ സ്ഥാനം നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്നും ഒരു വിഭാഗം പ്രഖ്യാപിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ്സിങിനെതിരെയും പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തമാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ