കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയില്‍ ബി.ജെ.പിക്കുള്ളില്‍ അഴിമതിയെച്ചൊല്ലി രൂക്ഷമായ ചേരിപ്പോര്. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് അഡ്വ. സത്യനെതിരെ രണ്ടാഴ്ച മുന്‍പ് പുറത്തിറങ്ങിയ ‘സേവ് ബി.ജെ.പി’ പോസ്റ്ററുകളാണ് ഈ ഉള്‍പ്പോര് വെളിച്ചത്തുകൊണ്ടുവന്നത്.
ബി.ജെ.പിയുടെ ബൂത്തുതലം മുതലുള്ള സംഘടനാ തെരഞ്ഞെടുപ്പ് തുടങ്ങിയ പശ്ചാത്തലത്തിലാണ് വിഷയം ഉയര്‍ന്നുവന്നത്.
‘പാര്‍ട്ടിയുടെ പേര് പറഞ്ഞ് മധ്യസ്ഥം പറഞ്ഞ് ലക്ഷങ്ങള്‍ കോഴ വാങ്ങിയ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ. സത്യനെ തിരിച്ചറിയുക. കള്ള്, പെണ്ണ് കച്ചവടക്കാര്‍ക്കു വേണ്ടി പാര്‍ട്ടിയെ പണയം വെച്ച അഡ്വ. സത്യനെ തിരിച്ചറിയുക’ എന്നും പോസ്റ്ററില്‍ ആരോപണമുണ്ട്. സത്യനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നും ആവശ്യമുണ്ട്.
ഇക്കാര്യം സത്യന്‍ നിഷേധിച്ചെങ്കിലും മണ്ഡലം കമ്മിറ്റി വിളിച്ചുചേര്‍ത്ത് ആരോപണം അന്വേഷിക്കുന്നതിന് കമ്മീഷനെ നിയോഗിച്ചുകഴിഞ്ഞു.
സത്യനെതിരെ ആരോപണമുന്നയിച്ച യുവമോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡന്റ് അഖില്‍ പന്തലാനിയെ തത്സ്ഥാനത്തു നിന്നു മാറ്റിയത് കൊയിലാണ്ടിയിലെ ചിലരുടെ താത്പര്യത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പിയിലെ ഒരുവിഭാഗം ആരോപിക്കുന്നുണ്ട്.
പേരാമ്പ്രയിലെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്ന ഒരാളുടെ മകനും ഗള്‍ഫ് വ്യവസായിയുമായിരുന്ന വ്യക്തിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മധ്യസ്ഥനായി നിന്ന് സത്യന്‍ വന്‍ തുക കോഴ വാങ്ങിയതായും ചിലര്‍ ആരോപണം ഉന്നയിക്കുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ മറുവിഭാഗം അഖിലിനെതിരെ മറ്റൊരാരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. താമരശ്ശേരിയിലെ ക്വാറി മാഫിയക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് ഒരു സംസ്ഥാന നേതാവിന്റെ ബിനാമി ഇടപാടുകാരനായ അഖില്‍ മൂന്നുകോടിയുടെ സാമ്പത്തിക ഇടപാട് നടത്തിയതായാണ് അവരുടെ ആരോപണം. മറ്റ് ബിനാമി ഇടപാടുകളും ഇയാള്‍ക്കെതിരെ ഉയരുന്നുണ്ട്.
ഇതോടെ ബൂത്തുസമ്മേളനത്തിനു പിന്നാലെയായി വരുന്ന മണ്ഡലം സമ്മേളനത്തിലും ഇക്കാര്യം ചര്‍ച്ചയാകുമെന്ന കാര്യം ഉറപ്പായി. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ചിലര്‍ക്കെതിരെ സംഘടനാ നടപടിയും ഉണ്ടായേക്കും.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ രജനീഷ് ബാബുവിനെതിരെ ലഘുലേഖ ഇറക്കിയതിനു പിന്നിലും ഇതേ നേതൃത്വം തന്നെയാണ് ആരോപണമുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കെ. സുരേന്ദ്രന്‍ സംസ്ഥാനാധ്യക്ഷനായാല്‍ അഖില്‍ തിരിച്ച് യുവമോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹവും മറുവിഭാഗത്തെ പ്രകോപിതരാക്കുന്നു.