ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ ഉള്‍പ്പോര് മുറുകുന്നു. മുഖ്യമന്ത്രി കമല്‍നാഥിനും മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്ങിനുമെതിരെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ വീണ്ടും പരസ്യമായി രംഗത്തെത്തിയതോടെയാണു സ്ഥിതി വീണ്ടും വഷളായത്.
കമല്‍നാഥ് മന്ത്രിമാരെ കേള്‍ക്കാന്‍ തയ്യാറാകണമെന്നും സര്‍ക്കാരില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ തടയണമെന്നുമാണു സിന്ധ്യയുടെ ആവശ്യം. ദിഗ്‌വിജയ് സിങ് സമാന്തര സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന ഗുരുതര ആരോപണം ഉന്നയിച്ച മന്ത്രി ഉമങ് സിംഗാറിനെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു.
കമല്‍നാഥ് സര്‍ക്കാരില്‍ ദിഗ്‌വിജയ് സിങ് അനാവശ്യ ഇടപെടല്‍ നടത്തുന്നുണ്ടെന്നതാണ് സിംഗാറിന്റെ ആരോപണം. സര്‍ക്കാര്‍ അതിന്റെ അധികാരത്തില്‍ പ്രവര്‍ത്തിക്കണമെന്നും സിംഗാര്‍ ഓര്‍മ്മിപ്പിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സിംഗാര്‍ ഉയര്‍ത്തിയ വിഷയം ശ്രദ്ധിക്കണമെന്നും ഇരുവിഭാഗങ്ങളോടും സംസാരിച്ച് കമല്‍ നാഥ് പരിഹാരത്തിലെത്തണമെന്നും സിന്ധ്യ ആവശ്യപ്പെട്ടു. മേളാ മൈതാനില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.