ന്യൂദല്‍ഹി: ഭരണം പിടിച്ചെങ്കിലും ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ ചൊല്ലി ബി.ജെ.പിയില്‍ തര്‍ക്കം തുടരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേകുമാര്‍ ധൂമല്‍ പരാജയപ്പെട്ടതോടെയാണ് പുതിയ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അനിശ്ചിതത്വം ഉടലെടുത്തത്.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ധൂമല്‍ മുഖ്യമന്ത്രിയാകണമെന്ന് സംസ്ഥാന ഘടകത്തില്‍ ഒരു വിഭാഗവും മുതിര്‍ന്ന എം.എല്‍.എ ജയറാം താക്കൂറിനെ മുഖ്യമന്ത്രിയാക്കണമെന്ന് മറുവിഭാഗവും ആവശ്യപ്പെടുകയായിരുന്നു.
സ്വന്തം മണ്ഡലത്തില്‍ തോറ്റെങ്കിലും സംസ്ഥാനത്ത് ബി.ജെ.പി നേടിയ മികച്ച വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ധൂമല്‍ ആണെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ പക്ഷം.
ധൂമലിന്റെ സിറ്റിങ് സീറ്റായിരുന്ന ഹാമിര്‍പുരില്‍നിന്ന് ഇത്തവണ അദ്ദേഹത്തെ സുജന്‍പുരിലേക്ക് മാറ്റിയ തീരുമാനത്തെയും ഇവര്‍ എതിര്‍ത്തു.
കോണ്‍ഗ്രസ് നേതാവ് രജീന്ദര്‍ റാണയ്ക്ക് വ്യക്തമായ പിന്തുണയുള്ള ഇവിടെ ധൂമലിനെ മല്‍സരിപ്പിച്ച് ബലിയാടാക്കിയെന്നാണ് ഇവര്‍ പറയുന്നത്. അതുകൊണ്ടുതന്നെ വിജയിച്ച എം.എല്‍.എമാരില്‍ ഒരാള്‍ മാറി ധൂമലിനെ ഉപതിരഞ്ഞെടുപ്പിലൂടെ വിജയിപ്പിച്ച് മുഖ്യമന്ത്രിയാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
അതേസമയം, ആര്‍.എസ്.എസുമായി അടുത്ത ബന്ധമുള്ള ജയറാം താക്കൂര്‍ മുഖ്യമന്ത്രിയാകണമെന്നാണ് മറുവാദം. തെരഞ്ഞെടുപ്പില്‍ വിജയിച്ചയാളെ മുഖ്യമന്ത്രിയാക്കുന്നതാണ് ശരിയായ കീഴ്വഴക്കമെന്നും ഇവര്‍ പറയുന്നു.
ജയിച്ച ബി.ജെ.പി എം.എല്‍.എമാരില്‍ 26 പേരുടെ പിന്തുണയാണ് ധൂമല്‍ പക്ഷം അവകാശപ്പെടുന്നത്. ഇതിനിടെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി കേന്ദ്ര നിരീക്ഷകരായെത്തിയ നിര്‍മല സീതാരാമനെയും നരേന്ദ്രസിങ് തോമറിനെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ തടയുകയും ചെയ്തിരുന്നു.