റിയാദ്: റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസോസിയേഷന്റെ (റിഫ) ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്നാഴ്ച്ചയായിനടന്നുവരുന്ന മൂന്നാമത് കണ്ടമ്പററി മാസ്റ്റേര്‍സ് അന്തര്‍ദ്ദേശീയ ചലച്ചിത്രോല്‍സവത്തിന് ഈയാഴ്ച കൊടിയിറങ്ങും. വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത 12 ചിത്രങ്ങളാണ് ഇതുവരെ പ്രദര്‍ശിപ്പിച്ചത്.
ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ഇംഗ്ലീഷ് ചിത്രം ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ആണ് സമാപന ചിത്രം. ഫെബ്രുവരി 12ന് നടക്കുന്ന സമാപന സമ്മേളനം നടനും സംവിധായകനുമായ നിസ്സാര്‍ ജമീല്‍ ഉദ്ഘാടനം ചെയ്യും.
ഡോക്ടര്‍ ബാബാസാഹെബ് അംബേദ്കറിന് പുറമെ ആമേന്‍ (ഇന്ത്യ), സിറ്റി ഓഫ് ഗോഡ് (ബ്രസീല്‍), എന്നീ 3 ചിത്രങ്ങള്‍ വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കും. മലയാളികള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വരുടെ പങ്കാളിത്തവും ചലച്ചിത്രമേളയ്ക്കുണ്ട്.
ജനുവരി 16ന് പ്രശസ്ത മലയാള സംവിധായകന്‍ ഐ.വി ശശി ഉദ്ഘാടനം ചെയ്ത ചലച്ചിത്രോത്സവത്തില്‍ വജ്ദ (സൗദി അറേബ്യ), ലിങ്കണ്‍ (യു.എസ്.എ), ഇലോ ഇലോ( സിങ്കപൂര്‍), ഒമര്‍( പാലസ്തീന്‍), ബോയ്ബുഡ്( യു.എസ്.എ), നോ വണ്‍ നോസ് എബൗട്ട് പേര്‍ഷ്യന്‍ ക്യാറ്റ്‌സ് (ഇറാന്‍). ചോപ് ഷോപ് ( യു.എസ്.എ), ഫാന്‍ഡ്രി (ഇന്ത്യ), എ സെപ്പരേഷന്‍ (ഇറാന്‍), ഹോട്ടല്‍ റ്വാന്‍ഡ( റ്വാന്‍ഡ), ദി ലഞ്ച് ബോക്‌സ് ( ഇന്ത്യ), 12 ഇയേഴ്‌സ് എ സ്ലേവ് (യു.എസ്.എ) തുടങ്ങിയ ചിത്രങ്ങള്‍ ഇതുവരെ പ്രദര്‍ശിപ്പിച്ചു.