ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സ് തുടര്‍ച്ചയായ രണ്ടു മത്സരങ്ങളാണ് പരാജയപ്പെട്ടത്. ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോടും രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോടുമാണ് ടീം പരാജയപ്പെട്ടത്. ഏറെക്കാലത്തെ ഇടവേളക്കുശേഷം തിരിച്ചെത്തിയ റിഷബ് പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ ദല്‍ഹി ഇന്ന് ചെന്നൈയുമായാണ് ഏറ്റുമുട്ടുന്നത്. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം വൈകിട്ട് 7:30നാണ്.
എന്നാല്‍ ഈ മത്സരത്തിനു മുന്നോടിയായി നിലവിലെ ചാമ്പ്യന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ദല്‍ഹിയുടെ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ്. ചെന്നൈക്ക് എതിരെ ദല്‍ഹി ആക്രമണ ക്രിക്കറ്റ് കളിക്കും എന്നാണ് പോണ്ടിങ് പറയുന്നത്.
‘പ്രകടനങ്ങളെ കുറിച്ചും ടീമിന്റെ നിലവിലത്തെ അവസ്ഥയെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച നടത്തി. ഞങ്ങള്‍ മുന്നേറേണ്ടതുണ്ട്. നല്ലതും മോശവുമായ ക്രിക്കറ്റ് ഞങ്ങള്‍ കളിച്ചു. ടീം കൂടുതല്‍ സ്ഥിരത കാണിക്കേണ്ടത് അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ ഇഷാന്ത് ശര്‍ക്ക് പരിക്ക് പറ്റിയത് ഞങ്ങളെ ബാധിച്ചിരുന്നു. എന്നിരുന്നാലും ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഞങ്ങള്‍ കാര്യങ്ങള്‍ തിരിക്കും അവര്‍ക്കെതിരെ ഞങ്ങള്‍ ആക്രമണ ക്രിക്കറ്റ് കളിക്കും,’ മത്സരത്തിനു മുമ്പുള്ള പത്രസമ്മേളനത്തില്‍ പോണ്ടിങ് പറഞ്ഞു.
ഐ.പി.എല്‍ ഒരു നീണ്ട ടൂര്‍ണമെന്റാണെന്നും ഫോമിലേക്ക് മടങ്ങാന്‍ ദല്‍ഹിക്ക് ഇനിയും അവസരമുണ്ടെന്നും പോണ്ടിങ് പറഞ്ഞു.
‘ഇതൊരു ചെറിയ ടൂര്‍ണമെന്റല്ല. തിരിച്ചുവരാന്‍ ഇനിയും അവസരമുണ്ട്. നമ്മള്‍ പോസിറ്റീവായി തുടരേണ്ടിവരും. സീസണിലെ മൂന്നാം മത്സരത്തില്‍ ഞങ്ങള്‍ എതിരാളികളായ ബൗളര്‍മാരെ ആക്രമിക്കും. നമ്മള്‍ ശരിയായ മനോഭാവം സ്വീകരിക്കുകയാണെങ്കില്‍, നമുക്ക് ഗെയിമുകള്‍ ജയിക്കാന്‍ കഴിയും,’ അദ്ദേഹം പറഞ്ഞു.