2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്. തനിക്ക് വീണ്ടും ഐ. പി.എല്ലില്‍ പരിശീലകനാവാന്‍ ആഗ്രഹമുണ്ടെന്നാണ് പോണ്ടിങ് പറഞ്ഞത്. ഐ.സി.സി റിവ്യൂസിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഐ.പി.എല്ലില്‍ വീണ്ടും പരിശീലകനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആദ്യ സീസണുകളില്‍ ഒരു കളിക്കാരനെന്ന നിലയിലും പിന്നീട് മുംബൈയുടെ ഹെഡ് കോച്ച് എന്ന നിലയിലും ഞാന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായ സമയമെല്ലാം വളരെ മികച്ചതായിരുന്നു.
ദല്‍ഹിക്കൊപ്പം ഞാന്‍ ഏഴ് സീസണിലും ഉണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ ദല്‍ഹിക്കൊപ്പം എനിക്ക് വിജയിക്കാന്‍ സാധിച്ചില്ല. അവരോടൊപ്പം ഒരു ട്രോഫി നേടാന്‍ ഞാന്‍ നന്നായി ശ്രമിച്ചു എന്ന് കരുതുന്നു. പക്ഷേ അത് നടന്നില്ല. സീസണില്‍ കുറച്ചുകൂടി സമയം കണ്ടെത്തുന്ന ഒരാളെയാണ് അവര്‍ ആഗ്രഹിക്കുന്നതെന്ന് എന്നോട് പറഞ്ഞു.
ഞാന്‍ ദല്‍ഹിക്ക് അടുത്ത സീസണിലേക്കായി എല്ലാ ആശംസകളും നല്‍കുന്നു. എന്നാല്‍ അടുത്ത രണ്ടു മാസങ്ങളില്‍ എനിക്ക് കുറച്ച് അവസരങ്ങള്‍ ലഭിച്ചേക്കാം. അടുത്ത സീസണില്‍ വീണ്ടും ഐ.പി.എല്ലില്‍ ഏതെങ്കിലും ടീമിന്റെ പരിശീലകനാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ റിക്കി പോണ്ടിങ് പറഞ്ഞു.
റിക്കി പോണ്ടിങ്ങിന്റെ കീഴില്‍ ദല്‍ഹിക്ക് കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും ഫ്രാഞ്ചൈസിയുടെ ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ എത്താന്‍ സാധിച്ചിരുന്നു. 2020ല്‍ ആയിരുന്നു ക്യാപിറ്റല്‍സ് ആദ്യമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ എത്തിയത്.എന്നാല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട് ദല്‍ഹിക്ക് കിരീടം നഷ്ടമാവുകയായിരുന്നു.
ഇതിന് പുറമെ 2019, 2021 എന്നീ സീസണുകളില്‍ പ്ലേ ഓഫിലേക്ക് മുന്നേറാനും ദല്‍ഹിക്ക് സാധിച്ചിരുന്നു. 2024 ഐ.പി.എല്ലില്‍ 14 മത്സരങ്ങളില്‍ നിന്നും ഏഴ് വീതം വിജയവും തോല്‍വിയുമായി ആറാം സ്ഥാനത്തായിരുന്നു ക്യാപ്പിറ്റല്‍സ് ഫിനിഷ് ചെയ്തിരുന്നത്.
Content Highlight: Ricky Ponting Talks He Would Like To Interest Back to IPL coach