| Thursday, 12th September 2024, 11:21 am

അവൻ ഒരു നായകനെ പോലെയാണ് ഇന്ത്യൻ ടീമിനായി കളിക്കുന്നത്: റിക്കി പോണ്ടിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആവേശകരമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കാണ് ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ വെച്ച് കളിക്കുക.

ഇപ്പോഴിതാ ഈ ആവേശകരമായ ടൂര്‍ണമെന്റിനു മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് വിരാട് കോഹ്‌ലിയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്. ഇന്ത്യന്‍ ടീമിലുള്ള വിരാടിന്റെ സ്വാധീനം വളരെ മികച്ചതാണെന്നാണ് പോണ്ടിങ് പറഞ്ഞത്. സ്‌കൈ സ്പോർട്സിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍.

‘വിദേശത്തു വെച്ച് നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തുന്നതില്‍ വിരാട് കോഹ്‌ലി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഒരു നായകന്‍ എന്ന നിലയിലാണ് വിരാട് കോഹ്‌ലി കളിക്കുന്നത്. അദ്ദേഹത്തിന്റെ സ്വാധീനം ടീമില്‍ മുഴുവന്‍ വലിയ രീതിയിലാണ് നിലനില്‍ക്കുന്നത്,’ റിക്കി പോണ്ടിങ് പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡാണ് വിരാട് കോഹ്‌ലിക്കുള്ളത്. 25 റെഡ് ബോള്‍ മത്സരങ്ങളില്‍ ഓസ്‌ട്രേലിയക്കെതിരെ ബാറ്റെടുത്ത വിരാട് 2042 റണ്‍സാണ് നേടിയിട്ടുള്ളത്. കങ്കാരുപ്പടക്കെതിരെ ടെസ്റ്റില്‍ 47.49 ആവറേജിലാണ് താരം ബാറ്റ് വീശിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് ഒരു ടീമിനെതിരെ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്.

ഇതിനോടകം തന്നെ 113 മത്സരങ്ങളില്‍ 191 ഇന്നിങ്സുകളില്‍ നിന്നും 8848 റൺസാണ് കോഹ്‌ലി നേടിയത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ 29 തവണ വിരാട് 100 കടന്നപ്പോള്‍ 30 തവണ ഫിഫ്റ്റിയും സ്വന്തമാക്കി. താരത്തിന്റെ ഈ മിന്നും പ്രകടനം വരും മത്സരങ്ങളിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര നേടാനുമായിരിക്കും ഇന്ത്യ നവംബറില്‍ വിമാനം കയറുക. 2016 മുതല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയുടെ കൈകളിലാണ്. ഇതിനു ശേഷം നടന്ന നാല് പരമ്പരകളിലും ഇന്ത്യയായിരുന്നു വിജയിച്ചിരുന്നത്.

അതുകൊണ്ടുതന്നെ കങ്കാരുപ്പടക്കെതിരെ തുടര്‍ച്ചയായ അഞ്ചാം പരമ്പര ആയിരിക്കും രോഹിത് ശര്‍മയും സംഘവും ലക്ഷ്യം വെക്കുന്നത്. എന്നാല്‍ മറുഭാഗത്ത് കഴിഞ്ഞ നാല് വര്‍ഷങ്ങളിലും നഷ്ടപ്പെട്ട കിരീടം സ്വന്തം മണ്ണില്‍ നേടാനുമായിരിക്കും കങ്കാരുപ്പട അണിനിരക്കുക.

Content Highlight: Ricky Ponting Talks About Virat Kohli

We use cookies to give you the best possible experience. Learn more