നിലവില്‍ മൂന്ന് ഫോർമാറ്റുകളിലേയും ലോകത്തിലെ ഏറ്റവും മികച്ച താരം അവനാണ്: റിക്കി പോണ്ടിങ്
Cricket
നിലവില്‍ മൂന്ന് ഫോർമാറ്റുകളിലേയും ലോകത്തിലെ ഏറ്റവും മികച്ച താരം അവനാണ്: റിക്കി പോണ്ടിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st August 2024, 7:48 am

നിലവില്‍ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലെയും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. കളിക്കളത്തില്‍ കൃത്യമായ വേഗത കൊണ്ടും സമ്മര്‍ദ ഘട്ടങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ നടത്തി ടീമിനെ വിജയത്തിലെത്തിക്കാനുമുള്ള കഴിവാണ് ബുംറയെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

ഇപ്പോള്‍ ബുംറയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്. കഴിഞ്ഞ 5-6 വര്‍ഷങ്ങളായി മൂന്ന് ഫോര്‍മാറ്റുകളിലെയും ലോകത്തിലെ ഏറ്റവും മികച്ച താരം ബുംറയാണെന്നാണ് പോണ്ടിങ് പറഞ്ഞത്. ഐ.സി.സി റിവ്യൂവിലാണ് ഓസീസ് ഇതിഹാസം ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ വളരെ കാലമായി പറയുന്നു കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച മള്‍ട്ടി ഫോർമാറ്റ് ബൗളര്‍ അദ്ദേഹമാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവന് പരിക്കുകള്‍ സംഭവിക്കുമ്പോള്‍ ഭയം ഉണ്ടായിരുന്നു. അവന്‍ തിരിച്ചു വരുമോ എന്ന്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവന്‍ കൂടുതല്‍ മികച്ചതായി തിരിച്ചുവരുകയായിരുന്നു. ടി-20 ലോകകപ്പില്‍ അദ്ദേഹം നടത്തിയ പ്രകടനങ്ങള്‍ ഞാന്‍ കണ്ടതാണ്. അവന്‍ ബോള്‍ ചെയ്യുമ്പോഴുള്ള വേഗതയിലും കൃത്യതയിലും ഒരു മാറ്റവുമില്ല. അവന്‍ വര്‍ഷം തോറും മെച്ചപ്പെടുന്നു,’ റിക്കി പോണ്ടിങ് പറഞ്ഞു.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ ബുംറ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഈ ടൂര്‍ണമെന്റില്‍ എട്ടു മത്സരങ്ങളില്‍ നിന്നും എതിരാളികളുടെ 15 വിക്കറ്റുകള്‍ ആണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ വീഴ്ത്തിയത്.

ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു. ബാറ്റിങ്ങില്‍ ഒരു റണ്‍സ് പോലും നേടാതെയാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു റണ്‍സ് പോലും നേടാതെ ആദ്യമായി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് നേടുന്ന ആദ്യ താരമായിമാറാനും ബുംറക്ക് സാധിച്ചിരുന്നു.

ലോകകപ്പ് കഴിഞ്ഞതിനുശേഷം നടന്ന സിംബാബ്‌വേ, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരെയുള്ള പരമ്പരയില്‍ ബുംറ കളിച്ചിരുന്നിട്ടില്ല, ലോകകപ്പിന് ശേഷം ബുംറക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശ്രമം അനുവദിക്കുകയായിരുന്നു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. സെപ്റ്റംബര്‍ 19 മുതലാണ് പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. ഈ പരമ്പരയിലും ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ഉണ്ടാവില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

 

Content Highlight: Ricky Ponting Talks About Jasprit Bumrah