| Thursday, 7th November 2024, 6:05 pm

ബാബറിന് ഫോമില്‍ തിരിച്ചെത്തണമെങ്കില്‍ വിരാടിന്റെ തന്ത്രമാണ് വേണ്ടത്; തുറന്ന് പറഞ്ഞ് റിക്കി പോണ്ടിങ്

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത കാലത്തായി ക്രിക്കറ്റിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ പാകിസ്ഥാന്‍ സൂപ്പര്‍ താരമാണ് ബാബര്‍ അസം. ഇതോടെ പാകിസ്ഥാന്‍ റെഡ് ബോള്‍ ടീമിന്‍ നിന്നും മാനേജ്‌മെന്റ് താരത്തെ പുറത്താക്കിയിരുന്നു.

ഇപ്പോള്‍ ബാബറിനെ ഫോമിലേക്ക് തിരികെ വരാന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പറയുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം റിക്കി പോണ്ടിങ്. ബാബറിന് തിരിച്ചുവരണമെങ്കില്‍ വിരാട് കോഹ്‌ലി ചെയ്ത പോലെ ക്രിക്കറ്റില്‍ ഇടവേള എടുക്കണമെന്നും എന്നാലെ ശക്തമായി തിരിച്ചുവരാന്‍ സാധിക്കുമെന്നും പോണ്ടിങ് പറഞ്ഞു.

റിക്കി പോണ്ടി ബാബറിന് നല്‍കിയ ഉപദേശം

‘ബാബര്‍ അസമിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താന്‍ പാകിസ്ഥാന്‍ വഴി കണ്ടെത്തണം. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ തന്റെ തിരിച്ചുവരവ് നടത്താന്‍ ബാബറിന് ഫോമിലേക്ക് മടങ്ങേണ്ടിവരും. ബാബര്‍ കഠിനമായ ശ്രമം അവസാനിപ്പിച്ച് ക്രിക്കറ്റില്‍ നിന്ന് ഒരു ഇടവേള എടുക്കണമെന്ന് ഞാന്‍ കരുതുന്നു. കിറ്റ് കുറച്ച് നേരം തിരികെ ലോക്ക് ചെയ്ത് മറ്റെന്തെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുക. തിരിച്ചുവരവിന് ഇത് അദ്ദേഹത്തെ സഹായിക്കും, അവന്‍ ഒരു നല്ല കളിക്കാരനാണെന്ന് ഞങ്ങള്‍ക്കറിയാം,

ബാബറിന്റെ പോരാട്ടങ്ങള്‍ വിരാട് കോഹ്‌ലി അനുഭവിച്ചതിന് സമാനമാണ്. വിരാട് ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തതോടെ ശക്തമായി തിരിച്ചെത്തി. ഫോര്‍മാറ്റുകളിലുടനീളം വിരാട് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ തുടങ്ങി. ഇതാണ് ബാബറിനും വേണ്ടത്. ബാബറിനെ അങ്ങനെ കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ റിക്കി പോണ്ടിങ് പറഞ്ഞു.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ബാബറിന്റെ പ്രകടനം

ടെസ്റ്റില്‍ 55 മത്സരത്തിലെ 100 ഇന്നിങ്‌സില്‍ നിന്ന് 3997 റണ്‍സാണ് ബാബര്‍ അസം നേടിയത്. അതില്‍ 196 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഒമ്പത് സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും ബാബറിനുണ്ട്. ഏകദിനത്തില്‍ 118 മത്സരത്തിലെ 115 ഇന്നിങ്‌സില്‍ നിന്ന് 5766 റണ്‍സും ടി-20ഐയില്‍ 123 മത്സരത്തില്‍ നിന്ന് 4145 റണ്‍സും താരം നേടിയിട്ടുണ്ട്.

Content Highlight: Ricky Ponting Talking About Babar Azam

We use cookies to give you the best possible experience. Learn more