ഇന്ത്യൻ ടി-20 ക്രിക്കറ്റിലെ സ്പെഷിലിസ്റ്റ് ബാറ്റർ എന്നറിയപ്പെടുന്ന താരമാണ് സൂര്യ കുമാർ യാദവ്.
ടി-20 ക്രിക്കറ്റിലെ ബാറ്റിങ് മികവിന്റെ അടിസ്ഥാനത്തിൽ ഏറെ ആരാധകരും താരത്തിനുണ്ടായിരുന്നു.എന്നാൽ ഓസീസിനെതിരെ നടന്ന ഏകദിന പരമ്പരയിൽ ബാറ്റിങ്ങിൽ അമ്പേ പരാജയപ്പെട്ടതോടെ താരത്തിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു.
താരത്തെ ടീമിൽ നിന്നും പുറത്താക്കണമെന്നും ഏകദിന ലോകകപ്പിനുള്ള ടീമിൽ ഇടം കൊടുക്കരുതെന്നുമൊക്കെയുള്ള വിമർശനങ്ങളാണ് സൂര്യ കുമാർ യാദവിനെതിരെ ആരാധകർ ഉയർത്തിയത്.
എന്നാൽ ആരാധകർ സ്കൈക്കെതിരെ ഉയർത്തുന്ന വിമർശനങ്ങൾക്കിടയിലും താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് താരമായ റിക്കി പോണ്ടിങ്.
കരിയറിൽ എല്ലാ താരങ്ങൾക്കും ഉയർച്ച താഴ്ച്ചകൾ ഉണ്ടാകുമെന്നും അതിനാൽ തന്നെ സൂര്യ കുമാറിനെ അവഗണിക്കാതെ അദ്ദേഹത്തെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്നുമാണ് റിക്കിപോണ്ടിങ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഓസീസിനെതിരെയുള്ള പരമ്പരയിൽ തുടർച്ചയായി മൂന്ന് ഗോൾഡൻ ഡക്ക് വഴങ്ങി നാണക്കേടിന്റെ റെക്കോർഡിട്ട താരത്തിന് ക്രിക്കറ്റ് ലോകത്ത് നിന്നും ഉയർന്ന് വന്ന ശക്തമായ പിന്തുണയാണ് പോണ്ടിങ്ങിന്റെത്.
ഐ.സി.സി റിവ്യൂവിന് നൽകിയ അഭിമുഖത്തിലാണ് പോണ്ടിങ് സൂര്യ കുമാറിനെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്.
“എല്ലാവർക്കും അവരുടെ കരിയറിൽ ഉയർച്ചയും താഴ്ച്ചയും ഉണ്ടാകും. എല്ലാ പ്ലെയേഴ്സും അവരുടെ കരിയറിൽ ഈയൊരു ഘട്ടത്തെ അഭിമുഖീകരിക്കണം.
ഒരു പരമ്പരയിലെ തുടർച്ചയായ മത്സരങ്ങളിൽ ഗോൾഡൻ ഡക്കായി ആരെങ്കിലും പുറത്താകുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. പക്ഷെ അതൊക്കെ ക്രിക്കറ്റിൽ സംഭവിച്ചെന്നിരിക്കാം,’ പോണ്ടിങ് പറഞ്ഞു.
“സൂര്യകുമാറിന്റെ കഴിഞ്ഞ 12-18 മാസങ്ങൾ ഗംഭീരമായിരുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ സൂര്യകുമാർ എത്രത്തോളം അപകടകാരിയായ താരമാണെന്ന് നമുക്ക് അറിയാവുന്ന കാര്യമാണല്ലോ,’ പോണ്ടിങ് കൂട്ടിച്ചേർത്തു.
കൂടാതെ അദ്ദേഹം ലോകകപ്പ് വിജയിപ്പിക്കാൻ തക്ക ശേഷിയുള്ള പ്ലെയറാണെന്ന് കൂടി പോണ്ടിങ് അഭിപ്രായപ്പെട്ടു.
അതേസമയം ഏകദിനത്തിൽ കുറച്ച് കാലമായി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതിരുന്ന താരം 50 ഓവർ ക്രിക്കറ്റിൽ അവസാന അർധ സെഞ്ച്വറി നേടിയത് ഫെബ്രുവരി 2022ലാണ്.
കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈക്കായി ബാറ്റിങ്ങിനിറങ്ങിയ സൂര്യകുമാറിന് 15 പന്തിൽ നിന്നും 16 റൺസ് മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്.
ഏപ്രിൽ ഏഴിന് ലഖ്‌നൗ സൂപ്പർ ജയന്റ്സും സൺ റൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ അടുത്തതായി മത്സരിക്കുന്നത്.
നിലവിൽ ഐ.പി.എൽ മത്സരങ്ങൾ പുരോഗമിക്കവെ ഗുജറാത്ത് ടൈറ്റൻസാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.
Content Highlights:Ricky Ponting said give an oppertunity to Suryakumar Yadav in india’s world cup team