ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാനപരിശീലക സ്ഥാനത്തേയ്ക്ക് തന്നെ നിയമിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡിന് താത്പര്യമുണ്ടായിരുന്നെന്ന് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ്. ഇക്കാര്യം സംസാരിക്കാന്‍ അവര്‍ പല തവണ തന്റെയടുത്ത് വന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021 ഐ.പി.എല്ലിന്റെ സമയത്താണ് തനിക്ക് ഈ ഓഫര്‍ വന്നതെന്നാണ് പോണ്ടിംഗ് പറയുന്നത്. എന്നാല്‍ തന്റെ ജോലിഭാരം അധികരിക്കുന്നതിനാലാണ് താന്‍ ആ ഓഫര്‍ വേണ്ടാ എന്ന് വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ഒരു വര്‍ഷത്തില്‍ 300 ദിവസത്തിലധികം ഇന്ത്യയില്‍ തന്നെയാണ് താമസിക്കുന്നത്. നിരവധിയാളുകള്‍ ഇക്കാര്യം പറഞ്ഞുകൊണ്ട് എന്റെയടുത്ത് വന്നിരുന്നു. ഏതുവിധേനയും എന്നെക്കൊണ്ട് ഇക്കാര്യം സമ്മതിപ്പിക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചിരുന്നു. എന്നാല്‍ എനിക്ക് ആ സമയത്ത് അതിന് കഴിയുമായിരുന്നില്ല.
ഒരു പക്ഷേ ഞാന്‍ ആ ഓഫര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ചാനല്‍ 7നുമായുള്ള എന്റെ സകല ബന്ധങ്ങളും ഒഴിവാക്കേണ്ടതായി വന്നേക്കുമായിരുന്നു. എന്നാല്‍ എനിക്കതിന് കഴിയില്ല.
എന്നെക്കൊണ്ട് ഇത്ര വലിയ ചുമതലകള്‍ വഹിക്കാന്‍ സാധിക്കുമെന്ന് ആളുകള്‍ കരുതുന്നത് തന്നെ വലിയ അഭിമാനമാണ്. എന്നാല്‍ എനിക്കതിന് കഴിയുമായിരുന്നില്ല,’ പോണ്ടിംഗ് പറയുന്നു. ദി ഗ്രേഡ് ക്രിക്കറ്റര്‍ പോഡ്കാസ്റ്റിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയുടെ പ്രധാന പരിശീലക സ്ഥാനത്ത് നിന്നും രവിശാസ്ത്രി ഒഴിയുന്ന സ്ഥാനത്തേക്കാണ് പോണ്ടിംഗിനെ പരിഗണിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നിലവില്‍ താരം ദല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനാണ്.
ഇതിന് മുന്‍പ് ഓസ്‌ട്രേലിയന്‍ ടീമിനേയും മുംബൈ ഇന്ത്യന്‍സിനേയും പരിശീലിപ്പിച്ച അനുഭവസമ്പത്തും പോണ്ടിംഗിനുണ്ട്. 2018 മുതലാണ് പോണ്ടിംഗ് ദല്‍ഹി ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.
ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി ദ്രാവിഡ് എത്തിയത് തന്നെ വളരെയധികം സന്തോഷിപ്പിച്ചെന്നും, ഇന്ത്യ എ ടീമിന്റെയും അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെയും പരിശീലകനായി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചതെന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.