ഇന്ത്യന്‍ യുവതാരം യശസ്വി ജെയ്‌സ്വാളിന്റെ കാഷ്വല്‍ സ്ലെഡ്ജിങ്ങാണ് രണ്ടാം മത്സരത്തില്‍ ഓസീസ് സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തിരിച്ചുവരവിന് കാരണമായതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്.
പെര്‍ത്തിലെ ജെയ്‌സ്വാളിന്റെ സ്ലെഡ്ജിങ്ങിന് പിന്നാലെയാണ് അഡ്‌ലെയ്ഡില്‍ സ്റ്റാര്‍ക് തന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തതെന്നും പോണ്ടിങ് പറഞ്ഞു.
നിങ്ങള്‍ വളരെ പതുക്കെയാണ് പന്തെറിയുന്നത് എന്നായിരുന്നു ജെയ്‌സ്വാള്‍ സ്റ്റാര്‍ക്കിനോട് പറഞ്ഞത്. ഇതിന് മറുപടിയായി പുഞ്ചിരിക്കുകയാണ് സ്റ്റാര്‍ക് ചെയ്തത്.
പെര്‍ത്തില്‍ സ്റ്റാര്‍ക്കിന്റെ ഏറ്റവും മോശം സ്‌പെല്ലുകളിലൊന്നാണ് പിറന്നത്. അതിന് കാരണക്കാരനായതാകട്ടെ ജെയ്‌സ്വാളും. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ജെയ്‌സ്വാളിനെ ഗോള്‍ഡന്‍ ഡക്കാക്കിയാണ് സ്റ്റാര്‍ക് തിരിച്ചടിച്ചത്.
‘സാധാരണ ഒട്ടും അസ്വസ്ഥനാകാത്ത താരമാണ് മിച്ചല്‍ സ്റ്റാര്‍ക്, പന്തെറിയുമ്പോള്‍ പോലും നിങ്ങള്‍ക്കത് കാണാന്‍ സാധിക്കും. അവനോട് ബാറ്റര്‍മാര്‍ എന്തെങ്കിലും പറയുകയാണെങ്കില്‍ സാധാരണയായി ഒരു പുഞ്ചിരി മാത്രമാണ് സ്റ്റാര്‍ക് മറുപടിയായി നല്‍കുക.
എന്നാല്‍ അവന്റെ ഉള്ളില്‍ കത്തിയെരിയുന്ന തീ മറച്ചുപിടിക്കാനുള്ള മറയാണ് മുഖത്തെ ആ ചിരിയെന്നാണ് എനിക്ക് തോന്നുന്നത്. അവന്‍ അഡ്‌ലെയ്ഡില്‍ വളരെ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്, അങ്ങനെയല്ലേ?’ ഐ.സി.സി റിവ്യൂവില്‍ പോണ്ടിങ് പറഞ്ഞു.
അഡ്‌ലെയ്ഡില്‍ യശസ്വി ജെയ്‌സ്വാളിന് സ്റ്റാര്‍ക് ഗോള്‍ഡന്‍ ഡക്കാക്കിയാണ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ചതെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു.
‘സ്റ്റാര്‍ക്ക് ആദ്യ പന്തില്‍ വിക്കറ്റ് നേടി, അതും കഴിഞ്ഞ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയക്കെതിരെ 160 റണ്‍സ് നേടിയ ജെയ്‌സ്വാളിനെ തന്നെ പുറത്താക്കിക്കൊണ്ട്, ഇതാണ് മത്സരത്തിന്റെ ടോണ്‍ നിര്‍ണയിച്ചത്.
സ്റ്റാര്‍ക് വളരെ മികച്ച രീതിയില്‍ പന്തെറിഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ കരിയര്‍ ബെസ്റ്റ് ഫിഗറായ 6/48 അവന്‍ കണ്ടെത്തി. ശേഷം ക്യാപ്റ്റനും (പാറ്റ് കമ്മിന്‍സ്) രണ്ടാം ഇന്നിങ്‌സില്‍ വളരെ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. ഇതെല്ലാം നല്ല അടയാളങ്ങളാണ്,’ പോണ്ടിങ് പറഞ്ഞു.
അഡ്‌ലെയ്ഡിലെ വിജയത്തിന് പിന്നാലെ പരമ്പരയില്‍ ഒപ്പമെത്തിയ ഓസ്‌ട്രേലിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ട് ഒന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. എന്നാല്‍ മറ്റൊരു മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ശ്രീലങ്കയെ പരാജയപ്പെടുത്തിയതോടെ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് പടിയിറങ്ങി.
അടുത്ത മത്സരത്തില്‍ വിജയിച്ച് നഷ്ടപ്പെട്ട ഒന്നാം സ്ഥാനം വീണ്ടെടുക്കാനാണ് ഇരു ടീമുകളും പരിശ്രമിക്കുന്നത്. ഡിസംബര്‍ 14നാണ് പരമ്പരയിലെ മൂന്നാം മത്സരം ആരംഭിക്കുന്നത്. ബ്രിസ്‌ബെയ്‌നിലെ ഗാബയാണ് വേദി.
Content highlight: Ricky Ponting praises Mitchell Starc