ഓസ്‌ട്രേലിയയുടെ സ്‌കോട്‌ലാന്‍ഡ് പര്യടനം ദിവസങ്ങള്‍ക്ക് മുമ്പ് അവസാനിച്ചിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പര ക്ലീന്‍ സ്വീപ് ചെയ്താണ് ഓസ്‌ട്രേലിയ വിജയിച്ചുകയറിയത്.
യുവതാരം ജെയ്ക് ഫ്രേസര്‍ മക്ഗൂര്‍ക്ക് ഈ പരമ്പരയില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി ടി-20 ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്‍ കാര്യമായ പ്രകടനങ്ങളൊന്നും തന്നെ താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.
സ്‌കോട്‌ലാന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബ്രോണ്‍സ് ഡക്കായി മടങ്ങിയ താരം രണ്ടാം മത്സരത്തില്‍ 16 പന്തില്‍ നിന്നും 16 റണ്‍സുമായി പുറത്തായി. പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരത്തിലും ദല്‍ഹി ക്യാപ്പിറ്റല്‍സ് സൂപ്പര്‍ താരം പ്രതീക്ഷകള്‍ അസ്ഥാനത്താക്കി. നാല് പന്ത് നേരിട്ട് റണ്‍സൊന്നും നേടാതെയാണ് ഓസീസ് ഓപ്പണര്‍ മടങ്ങിയത്.
ഈ പരമ്പരക്ക് പിന്നാലെ മക്ഗൂര്‍ക്കിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്. മക്ഗൂര്‍ക് പേടിയില്ലാതെ ബാറ്റ് വീശുന്ന താരമാണെന്നും ഭാവിയില്‍ ഓസീസിന്റെ ഓള്‍ ഫോര്‍മാറ്റ് ബാറ്ററായി വളര്‍ന്നുവരാന്‍ അവന് സാധിക്കുമെന്നും പോണ്ടിങ് പറഞ്ഞു.
‘5’10 മാത്രമാണ് ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിന്റെ ഉയരമെന്നാണ് ഞാന്‍ കരുതുന്നത്. അവന്‍ അത്ര വലിയവനൊന്നുമല്ല, പക്ഷേ വളരെ വളരെ ഹാര്‍ഡായാണ് ഓരോ ഷോട്ടും അടിക്കുന്നത്. കളിക്കളത്തില്‍ ഒരു തോക്ക് പോലെയാണവന്‍. ഓസ്‌ട്രേലിയയുടെ ഓള്‍ ഫോര്‍മാറ്റ് പ്ലെയറായി ഭാവിയില്‍ മാറാന്‍ കെല്‍പുള്ള താരമാണ് അവന്‍,’ പോണ്ടിങ് പറഞ്ഞു.
ഓസ്‌ട്രേലിയക്കായി ഏകദിനത്തില്‍ നേരത്തെ അരങ്ങേറ്റം കുറിച്ച് മക്ഗൂര്‍ക് രണ്ട് മത്സരത്തിലാണ് ടീമിനായി ബാറ്റേന്തിയത്. ടി-20യെക്കാള്‍ മികച്ച രീതിയിലാണ് ഏകദിനത്തില്‍ താരം വെടിക്കെട്ട് പുറത്തെടുത്തത്.
ഏകദിനത്തിലെ രണ്ട് മത്സരത്തില്‍ നിന്നും 22.50 ശരാശരിയിലും 221.73 സ്‌ട്രൈക്ക് റേറ്റിലും 55 റണ്‍സാണ് താരം നേടിയത്.
ഫസ്റ്റ് ക്ലാസില്‍ വിക്ടോറിയക്കായി 16 മത്സരത്തില്‍ നിന്നും 550 റണ്‍സിലും ലിസ്റ്റ് എ-യിലെ 18 ഇന്നിങ്‌സില്‍ നിന്നും 525 റണ്‍സും താരം നേടിയിട്ടുണ്ട്. ഐ.പി.എല്‍ അടക്കമുള്ള ടി-20 ലീഗുകളിലും മക്ഗൂര്‍ക് തന്റെ പ്രതിഭ വ്യക്തമാക്കിയിട്ടുണ്ട്.