ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടമുയര്‍ത്തിയിരുന്നു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ഇടനെഞ്ചില്‍ മൂന്നാം നക്ഷത്രം തുന്നിച്ചേര്‍ത്തത്.
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ മൂന്ന് തവണ വിജയം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടവും ഇതോടെ ഇന്ത്യ സ്വന്തമാക്കി. രണ്ട് തവണ കിരീടം സ്വന്തമാക്കിയ കങ്കാരുക്കളെ മറികടന്നാണ് ഇന്ത്യ ഈ നേട്ടത്തിലെത്തിയത്.
ഒരു ടീം എന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യ കിരീടമണിഞ്ഞത്. എങ്കിലും ഇന്ത്യന്‍ നിരയില്‍ അര്‍ഹിച്ച പ്രശംസയോ അംഗീകാരമോ ലഭിക്കാതെ പോയ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവും ഇതിഹാസ നായകനുമായ റിക്കി പോണ്ടിങ്.
ഐ.സി.സി റിവ്യൂവിലാണ് പോണ്ടിങ് അക്‌സറിനെ കുറിച്ച് സംസാരിച്ചത്.
‘ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തിന് അക്‌സര്‍ പട്ടേലും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. അവന്റെ ബൗളിങ് ഏറെ സ്ഥിരതയുള്ളതായിരുന്നു. ടീമിന്റെ വിശ്വസ്തനായ താരമാണ് അവന്‍,’ പോണ്ടിങ് പറഞ്ഞു.
ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് അക്‌സര്‍ പട്ടേല്‍ വഹിച്ചത്. അഞ്ച് മത്സരത്തില്‍ നിന്നും 4.35 എക്കോണമിയില്‍ അഞ്ച് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. മിഡില്‍ ഓവറുകളില്‍ കളി തിരിക്കാനും പലപ്പോഴും അക്‌സറിന് സാധിച്ചു.
ബാറ്റിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്ത താരം 109 റണ്‍സും സ്വന്തമാക്കിയിരുന്നു.
ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സ്‌ക്വാഡ് ഡെപ്തിനെ കുറിച്ചും കരുത്തുറ്റ ഓള്‍ റൗണ്ട് നിരയെ കുറിച്ചും പോണ്ടിങ് സംസാരിച്ചു. എന്നാല്‍ ഈ ഡെപ്ത് ടീമിന്റെ ഫാസ്റ്റ് ബൗളിങ് യൂണിറ്റിനില്ല എന്ന പോരായ്മയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
‘അവര്‍ (ഇന്ത്യ) മികച്ച ടീമാണ്. ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ തുടങ്ങി ഒന്നിലധികം മികച്ച ഓള്‍ റൗണ്ടര്‍മാരുള്ളത് അവരെ കൂടുതല്‍ ശക്തരാക്കുന്നു. ഇടംകയ്യന്‍ ബാറ്റര്‍ എന്ന നിലയില്‍ അക്‌സര്‍ പട്ടേലിനെ ഇന്ത്യയ്ക്ക് ബാറ്റിങ് ഓര്‍ഡറില്‍ പ്രമോട്ട് ചെയ്യാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. രവീന്ദ്ര ജഡേജയുള്ളത് ഇന്ത്യയെ കൂടുതല്‍ ശക്തരാക്കി മാറ്റി.
ഫാസ്റ്റ് ബൗളിങ്ങില്‍ വേണ്ടത്ര ഡെപ്ത് ഇല്ലായിരുന്നോ എന്നത് മാത്രമാണ് ഒരു ചോദ്യമായി നിലനില്‍ക്കുന്നത്. എന്നാല്‍ ഒടുവിലെ കാര്യമെടുക്കുമ്പോള്‍ അവര്‍ക്കത് ആവശ്യമായിരുന്നില്ല എന്നും കാണാനാകും,’ പോണ്ടിങ് പറഞ്ഞു.
Content Highlight: Ricky Ponting praises Axar Patel after his brilliant performance in Champions Trophy