| Thursday, 20th October 2022, 11:49 pm

സ്റ്റീരിയോടൈപ്പുകള്‍ മാറി; ആധുനിക ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം സംഭാവന ചെയ്യുന്ന ബൗളര്‍മാരുടെ പ്രത്യേകത ഇതാണ്: റിക്കി പോണ്ടിങ്

സ്പോര്‍ട്സ് ഡെസ്‌ക്

സ്റ്റീരിയോടൈപ്പുകള്‍ തകര്‍ത്തുകൊണ്ട് സമീപ വര്‍ഷങ്ങളില്‍ ക്രിക്കറ്റില്‍ വലിയ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്.

പ്രധാനമായും സ്പിന്‍ ആക്രമണങ്ങള്‍ക്ക് പേരുകേട്ട ഏഷ്യന്‍ ടീമുകള്‍ ആധുനിക കാലത്ത് ക്രിക്കറ്റില്‍ ശക്തരായ പേസ് ബൗളര്‍മാരെ സംഭാവന ചെയ്യുന്ന തരത്തിലേക്ക് വളര്‍ന്നെന്ന് പോണ്ടിങ് പറഞ്ഞു.
ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍(ഐ.സി.സി) പുറത്തുവിട്ട വീഡിയോയിലായിരുന്നു പോണ്ടിങിന്റെ പ്രതികരണം.

കാലാനുസൃതമായി ക്രിക്കറ്റില്‍ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ നന്നായി പെര്‍ഫോം ചെയ്തിരുന്നത് പേസ് ബൗളര്‍മാരെക്കാള്‍ സ്പിന്നര്‍മാരായിരുന്നു.

എന്നാല്‍ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ കരുത്തരായ പേസ് ബൗളര്‍മാരെ സംഭാവന ചെയ്യാന്‍ തുടങ്ങി. ഇത് ആധുനിക ക്രിക്കറ്റിലെ വലിയ മാറ്റമായിട്ടാണ് താന്‍ വിലയിരുത്തുന്നതെന്നും പോണ്ടിങ് പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ടി-20 ലോകകപ്പിനിടെയാണ് പോണ്ടിങ്ങിന്റെ പുതിയ പ്രതികരണം. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയും ഇന്ത്യയും ആയിരിക്കും ടി-20 ലോകകപ്പില്‍ ഫൈനലിലെത്താന്‍ പോകുന്നതും, ഓസീസ് ലോകകപ്പ് നിലനിര്‍ത്തുമെന്നും പോണ്ടിങ് പ്രവചിച്ചിരുന്നു.

‘ഇന്ത്യയും ഓസ്ട്രേലിയയും ഫൈനല്‍ കളിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ആരോണ്‍ ഫിഞ്ച് നയിക്കുന്ന ടീമിനെയാണ് ഞാന്‍ പിന്തുണയ്ക്കുന്നത്. അവര്‍ ഇന്ത്യയെ തോല്‍പ്പിക്കുകയും രണ്ടാം കിരീടം സ്വന്തമാക്കുകയും ചെയ്യും,’ എന്നാണ് പോണ്ടിങ് പറഞ്ഞിരുന്നത്.

യു.എ.ഇയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ഓസീസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ഇത്തവണ ഹോം അഡ്വാന്റേജ് ടീമിനുണ്ടാകുമെന്നും പോണ്ടിങ് പറഞ്ഞിരുന്നു.

CONTENT HIGHLIGHTS:  Ricky Ponting on  evolution of  Indian cricket bowlers

We use cookies to give you the best possible experience. Learn more