പിന്നെന്തിനാടാ ക്യാപ്റ്റനാണെന്നും പറഞ്ഞ് നടക്കുന്നത്; റൂട്ടിനെതിരെ ആഞ്ഞടിച്ച് പോണ്ടിംഗ്
Sports News
പിന്നെന്തിനാടാ ക്യാപ്റ്റനാണെന്നും പറഞ്ഞ് നടക്കുന്നത്; റൂട്ടിനെതിരെ ആഞ്ഞടിച്ച് പോണ്ടിംഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st December 2021, 5:03 pm

ആഷസിലെ രണ്ടാം ടെസ്റ്റിലും ഓസീസിനോട് ദയനീയമായി പരാജയപ്പെടാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ന് ഇംഗ്ലണ്ട് പിറകിലാണ്. ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയിച്ചാല്‍ മാത്രമേ, ഇത്തവണയെങ്കിലും തലയുയര്‍ത്തി ഓസ്‌ട്രേലിയയില്‍ നിന്നും ഇംഗ്ലണ്ടിന് മടങ്ങാനാവൂ.

മത്സരത്തിന്റെ വീറും വാശിയും കളത്തിന് പുറത്തേക്കും വ്യാപിച്ചിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാവുന്നത്.

മത്സരശേഷമുള്ള പത്രസമ്മേളനത്തില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ പരാമര്‍ശനത്തിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ്. മത്സരം തോല്‍ക്കാന്‍ കാരണക്കാര്‍ ബൗളേഴ്‌സ് ആണെന്ന റൂട്ടിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് പോണ്ടിംഗിന്റെ വിമര്‍ശനം.

‘ഇംഗ്ലീഷ് ബൗളര്‍മാര്‍ ഫുള്‍ ലെംഗ്ത് ഡെലിവറികളെറിയണമായിരുന്നു, അവര്‍ക്കതിന് സാധിക്കാതെ പോയതായിരുന്നു ഒന്നാം ടെസ്റ്റില്‍ ഞങ്ങള്‍ പരാജയപ്പെടാന്‍ കാരണമായത്,’ എന്നായിരുന്നു റൂട്ട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് പോണ്ടിംഗ് താരത്തിനെതിരെ ആഞ്ഞടിച്ചത്.

‘റൂട്ട് പറഞ്ഞത് കേട്ട് ഞാന്‍ വല്ലാതായി. ബൗളര്‍മാരുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവനല്ലേ സഹായിക്കേണ്ടത്. പിന്നെന്തിനാണ് അവന്‍ ക്യാപ്റ്റനായത്,’ പോണ്ടിംഗ് ചോദിക്കുന്നു.

‘റൂട്ടിന് ഇഷ്ടമുള്ളതെന്തും പറയാം, പക്ഷേ ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ തന്റെ ബൗളേഴ്‌സ് ടീം പ്ലാന്‍ അനുസരിച്ചാണോ പന്തെറിയുന്നതെന്ന് മനസിലാക്കാന്‍ അവന് സാധിക്കണമായിരുന്നു. അവര്‍ അതിനനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിങ്ങളായിരുന്നു അവരെ നോക്കേണ്ടിയിരുന്നത്.

അഥവാ നിങ്ങളുടെ നിര്‍ദേശത്തെ മാനിക്കാത്ത ഏതെങ്കിലും ബൗളറുണ്ടെങ്കില്‍ നിങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ഏതെങ്കിലും താരത്തെ പന്തേല്‍പ്പിക്കണമായിരുന്നു. അതുമല്ലെങ്കില്‍ ക്യാപ്റ്റന്‍ എന്ന അധികാരം നിങ്ങള്‍ ഉപയോഗിക്കണമായിരുന്നു. അതിനെയാണ് ക്യാപ്റ്റന്‍സി എന്ന് വിളിക്കുന്നത്,’ പോണ്ടിംഗ് പറഞ്ഞു.

ആഷസിന്റെ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും പരാജയം രുചിക്കാനായിരുന്നു ഇംഗ്ലീഷ് പടയുടെ വിധി.

ഇംഗ്ലണ്ടിനെ 275 റണ്‍സിന് തകര്‍ത്താണ് ഓസ്ട്രേലിയ വന്‍ വിജയം നേടിയത്. ഓസീസിന്റെ റണ്‍മല പിന്തുടര്‍ന്ന ഇംഗ്ലണ്ട് 192 റണ്‍സിന് പുറത്താവുകയായിരുന്നു. ആറ് വിക്കറ്റുമായി മത്സരം പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ ഒന്നിന് പിറകെ ഒന്നായി നിലം പൊത്തുകയായിരുന്നു.

ആദ്യ ഇന്നിംഗ്സില്‍ 9 വിക്കറ്റിന് 473 റണ്‍സിനും രണ്ടാം ഇന്നിംഗ്‌സില്‍ 9ന് 230 റണ്‍സിനും ഓസ്‌ട്രേലിയ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു.

5 മത്സരങ്ങളുടെ പരമ്പരയില്‍ 2-0ന് ഓസീസ് ലീഡ് ചെയ്യുകയാണ്. ഡിസംബര്‍ 26ന് ബോക്സിംഗ് ഡേയിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. പ്രസിദ്ധമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് ബോക്സിംഗ് ഡേ ടെസ്റ്റ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ricky Ponting lashes on Joe Root