ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറെ വിവാദമായ ക്യാച്ചിനെ കുറിച്ച് പ്രതികരിച്ച് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ റിക്കി പോണ്ടിങ്. ഓസീസ് താരം കാമറൂണ്‍ ഗ്രീന്‍ എടുത്ത ക്യാച്ചിന്റെ റീപ്ലേ കണ്ടപ്പോള്‍ തനിക്കും സംശയമുണ്ടായെന്നാണ് പോണ്ടിങ് പറയുന്നത്.
‘ആ ക്യാച്ച് ലൈവ് കാണുമ്പോള്‍ പൂര്‍ണമായും എടുത്തെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ റീപ്ലേ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് സംശയം വര്‍ധിച്ചു.
പന്തിന്റെ ചില ഭാഗങ്ങള്‍ ഗ്രൗണ്ടില്‍ തട്ടിയെന്നാണ് എനിക്ക് തോന്നിയത്. എന്നാല്‍ ക്യാച്ചെടുത്ത് ശേഷം മുഴുവന്‍ നിയന്ത്രണവും ഫീല്‍ഡര്‍ വീണ്ടെടുത്തിട്ടാണ് പന്ത് നിലത്ത് തട്ടിയതെങ്കില്‍ അത് ഔട്ടാണ്. ടി.വി. അമ്പയര്‍ മുഖവിലക്കെടുത്തത് ഇതുതന്നെ ആയിരിക്കാം’ പോണ്ടിംഗ് പറഞ്ഞു.
രണ്ടാം ഇന്നിങ്‌സില്‍ ശുഭ്മന്‍ ഗില്ലിന്റെ പുറത്താകല്‍ വിവാദമായിരുന്നു. ബോളണ്ടിന്റെ പന്തില്‍ ഗള്ളിയില്‍ കാമറൂണ്‍ ഗ്രീന്‍ എടുത്ത ക്യാച്ചിലാണ് ഗില്‍ പുറത്തായത്. ക്യാച്ച് എടുക്കുമ്പോള്‍ ഗ്രീന്‍ പന്ത് നിലത്ത് കുത്തിയെന്നും ഇല്ലെന്നുമുള്ള വാദമുണ്ട്.
അതേസമയം, ക്യാച്ചിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച ഗില്ലിന് മാച്ച് ഫീയുടെ 15 ശതമാനം അധിക പിഴ ചുമത്തിയിട്ടുണ്ട്. ഇതോടെ ഗില്ലിന് ആകെ 115 ശതമാനം പിഴയൊടുക്കേണ്ടി വരും.
ഫൈനല്‍ മത്സരത്തില്‍ നിശ്ചിത സമയത്ത് അഞ്ചോവര്‍ കുറച്ച് എറിഞ്ഞതിന് ഇന്ത്യന്‍ ടീമിന് ഐ.സി.സി മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തി.
നിശ്ചിത സമയത്ത് നാലോവര്‍ കുറച്ചെറിഞ്ഞ ഓസ്ട്രേലിയന്‍ ടീമിന് മാച്ച് ഫീയുടെ 80 ശതമാനവും പിഴ ചുമത്തിയിട്ടുണ്ട്. ഐ.സി.സിയുടെ പുതിയ നിയമപ്രകാരം നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാത്ത ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ.
ഇന്ത്യന്‍ ടീം അഞ്ചോവര്‍ കുറച്ചായിരുന്നു നിശ്ചിത സമയത്ത് ബൗള്‍ ചെയ്തിരുന്നത് എന്നതുകൊണ്ടാണ് 100 ശതമാനം പിഴ ചുമത്തിയത്.
Content Highlights: ricky ponting is doubtful about gill’s catch out by green