|

വിരാട് കോഹ്‌ലിയെ പാടെ തഴഞ്ഞു, ഈ തലമുറയിലെ ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുത്ത് പോണ്ടിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഈ തലമുറയിലെ ഏറ്റവും മികച്ച താരത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ വിരാട് കോഹ്‌ലിയുടെ പേര് പൂര്‍ണമായും ഒഴിവാക്കി മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ റിക്കി പോണ്ടിങ്. ഓസ്‌ട്രേലിയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ സെഞ്ച്വറി നേടുകയും 10,000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കുകയും ചെയ്ത ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെയാണ് ഈ തലമുറയിലെ ഏറ്റവും മികച്ച താരമായി പോണ്ടിങ് തെരഞ്ഞെടുത്തത്.

പോണ്ടിങ്ങിന്റെ വാക്കുകളെ ഉദ്ധരിച്ച് സിഡ്‌നി മോണിങ് ഹെറാള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘സ്റ്റീവ് സ്മിത്താണ് ഈ തലമുറയിലെ ഏറ്റവും മികച്ച താരം. ജോ റൂട്ട് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കെയ്ന്‍ വില്യംസണിന്റെ റെക്കോഡുകള്‍ ശ്രദ്ധേയമാണ്. കഴിഞ്ഞ കുറച്ച് നാളുകളായുള്ള റൂട്ടിന്റെ പ്രകടനം അവനെ പഴയ സ്ഥലത്ത് തന്നെ കൊണ്ടുചെന്നെത്തിച്ചു,’ പോണ്ടിങ് പറഞ്ഞു.

ഫാബ് ഫോറില്‍ 10,000 ടെസ്റ്റ് റണ്‍സ് സ്വന്തമാക്കുന്ന രണ്ടാമത് താരമാണ് സ്മിത്ത്. ഇംഗ്ലണ്ട് സൂപ്പര്‍ താരവും മോഡേണ്‍ ഡേ ലെജന്‍ഡുമായ ജോ റൂട്ടാണ് ഈ നേട്ടത്തില്‍ ആദ്യമെത്തിയത്.

12,972 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് റൂട്ട്. 10,140 റണ്‍സുമായി സ്മിത് 13ാം സ്ഥാനത്തേക്ക് കുതിച്ചെത്തി. 9,276 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണ്‍ ഈ പട്ടികയില്‍ 17ാം സ്ഥാനത്തും 8,900 റണ്‍സുമായി വിരാട് കോഹ്‌ലി 19ാം സ്ഥാനത്തുമാണ്.

2020 വരെ ഫാബ് ഫോറില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് ഫോം പതിയെ താഴേയ്ക്ക് വീഴുകയായിരുന്നു.

2020ല്‍ 27 ടെസ്റ്റ് സെഞ്ച്വറികളാണ് വിരാടിന്റെ പേരിലുണ്ടായിരുന്നത്. റൂട്ടിനേക്കാള്‍ പത്ത് സെഞ്ച്വറിയും കെയ്ന്‍ വില്യംസണേക്കാള്‍ ആറ് സെഞ്ച്വറിയും സ്മിത്തിനേക്കാള്‍ ഒരു സെഞ്ച്വറിയും കൂടുതല്‍ നേടിയാണ് ഈ സമയം വിരാട് ക്രിക്കറ്റ് ലോകത്തെ മുടിചൂടാമന്നനായി അടയാളപ്പെടുത്തപ്പെട്ടത്.

എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം നാല് ടെസ്റ്റ് സെഞ്ച്വറികള്‍ മാത്രമാണ് വിരാടിന് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. 31 സെഞ്ച്വറികളുമായി ഫാബ് ഫോറില്‍ ഏറ്റവും അവസാന സ്ഥാനത്താണ് വിരാടിന്റെ സ്ഥാനം. നാല് വര്‍ഷം കൊണ്ട് 19സെഞ്ച്വറി നേടിയ റൂട്ട് 36 ടെസ്റ്റ് സെഞ്ച്വറികളുമായി ഒന്നാമതെത്തി. സ്മിത്തിന്റെ പേരില്‍ 35 സെഞ്ച്വറിയും വില്യംസണിന്റെ പേരില്‍ 33 സെഞ്ച്വറിയുമാണ് നിലവിലുള്ളത്.

‘ഈ നാല് പേരും പ്രശസ്തിയിലേക്കുയര്‍ന്നപ്പോള്‍ വിരാട് കോഹ്‌ലിയായിരുന്നു ഒന്നാമന്‍. ജോ റൂട്ട് അവസാന സ്ഥാനത്തും. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് റൂട്ട് 19 ടെസ്റ്റ് സെഞ്ച്വറികള്‍ നേടി.

ഏറ്റവും മികച്ച താരമാര് എന്നതില്‍ ഇംഗ്ലണ്ട് ആരാധകര്‍ ജോ റൂട്ടിനെയും ഓസ്‌ട്രേലിയന്‍ ആരാധകര്‍ സ്റ്റീവ് സ്മിത്തിനെയും പിന്തുണയ്ക്കും. ഒരു ന്യൂസിലാന്‍ഡുകാരനാകട്ടെ എല്ലായപ്പോഴും കെയ്ന്‍ വില്യംസണിന്റെ പേരും പറയും. ഇവരില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കുക പ്രയാസമാകും. എന്നാല്‍ ഈ നാല് വര്‍ഷത്തില്‍ സ്റ്റീവ് സ്മിത് നേടിയതിനെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ല,’ പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Ricky Ponting discards Virat Kohli in best player of the generation discussion, picks Steve Smith