ഐ.പി.എല്ലിന്റെ ആവേശത്തിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഇനി കാത്തിരിക്കുന്നത്. മിനി ലേലത്തിന് ശേഷം കൂടുതല്‍ ശക്തമായ ഓരോ ടീമും ഏതൊക്കെ കോമ്പിനേഷനിലാണ് പ്ലെയിങ് ഇലവന്‍ സജ്ജമാക്കാന്‍ പോകുന്നതെന്നും പുതിയ താരങ്ങള്‍ക്ക് എന്ത് ചുമതലകളാണ് നല്‍കാന്‍ പോകുന്നതെന്നും അറിയാനാണ് ആരാധകര്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്നത്.
വിക്കറ്റ് കീപ്പറുടെയും ക്യാപ്റ്റന്റെയും സ്ഥാനത്തേക്ക് ദല്‍ഹി ക്യാപ്പിറ്റല്‍സ് ആരെയാണ് പരിഗണിക്കുന്നതെന്നറിയാനും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്.
റിഷബ് പന്തിന് കളിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഓസീസ് സൂപ്പര്‍ താരവും സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ കിരീടത്തിലേക്ക് നയിച്ച ഡേവിഡ് വാര്‍ണറായിരിക്കും ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വിക്കറ്റ് കീപ്പറുടെ സ്ഥാനത്ത് സര്‍ഫറാസ് ഖാനെയോ ഇംഗ്ലണ്ട് താരം ഫില്‍ സോള്‍ട്ടിനെയോ ആയിരിക്കും പരിഗണിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. റിഷബ് പന്തിന് പകരം വെക്കാന്‍ പോന്ന ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ അന്വേഷിക്കുകയാണെന്നാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് കോച്ച് റിക്കി പോണ്ടിങ് പറയുന്നത്.
ഐ.പി.എല്ലില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കിലും കളി നടക്കുമ്പോള്‍ അവന്‍ തനിക്കൊപ്പം ഉണ്ടാകാനാണ് ആഗ്രഹിക്കുന്നതെന്നും റിക്കി പോണ്ടിങ് പറയുന്നു. അങ്ങനെ പന്ത് ടീമിനൊപ്പം ഉണ്ടാവുകയാണെങ്കില്‍ അത് താരങ്ങള്‍ക്ക് നല്‍കുന്ന ആവേശം ചെറുതായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,
‘ഐ.പി.എല്‍ ആരംഭിക്കുമ്പോള്‍ അവന് യാത്ര ചെയ്യാന്‍ സാധിക്കുമെങ്കില്‍, അവനെ അതിന് അനുവദിക്കുമെങ്കില്‍ ആഴ്ചയിലെ എല്ലാ ദിവസവും അവന്‍ എനിക്കൊപ്പം ഡഗ് ഔട്ടില്‍ വേണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ പോണ്ടിങ് പറയുന്നു.
കാറപകടത്തില്‍ പരിക്കേറ്റതിന് പിന്നാലെ റിഷബ് പന്തിന് ഐ.പി.എല്ലും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി അടക്കമുള്ള നിരവധി പരമ്പരകളും പൂര്‍ണമായും നഷ്ടമാകും. ഇതിന് പുറമെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പും പന്തിന് നഷ്ടമായേക്കും.
ഡിസംബര്‍ 30നായിരുന്നു ദല്‍ഹി-ഡെറാഡൂണ്‍ ദേശീയപാതയില്‍ വെച്ച് പന്തിന് അപകടമുണ്ടാകുന്നത്. താരത്തിന്റെ കാര്‍ ഡിവൈഡറിലിടിക്കുകയും പൂര്‍ണായും കത്തി നശിക്കുകയുമായിരുന്നു. യാത്രക്കാരാണ് പന്തിനെ രക്ഷപ്പെടുത്തിയത്.
അപകടത്തില്‍ പന്തിന് സാരമായി പരിക്കേറ്റിരുന്നു. കാലിന്റെ ലിഗമെന്റ് പൊട്ടുകയും പുറം ഭാഗത്ത് സാരമായ പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.
ലിഗമെന്റ് പൊട്ടിയതിന്റെ രണ്ടാമത്തെ ശസ്ത്രക്രിയയും വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് കോകില ബെന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. രണ്ടാഴ്ചക്ക് ശേഷം പന്തിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും.
Content Highlight: Ricky Ponting about Rishabh Pant