| Saturday, 25th March 2023, 4:54 pm

പന്ത് ഞങ്ങളുടെ ജേഴ്‌സിയിലും തൊപ്പിയിലും ഉണ്ടാകും; പറ്റിയാല്‍ ഞാന്‍ അതും ചെയ്യും: റിക്കി പോണ്ടിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ പ്രതീക്ഷയോടെയാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് ഈ ഐ.പി.എല്‍ സീസണിനെ നോക്കിക്കാണുന്നത്. ടൂര്‍ണമെന്റിനൊപ്പം 15 വര്‍ഷവും ഉണ്ടായിട്ടും ഒരിക്കല്‍ പോലും കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചിട്ടില്ല എന്ന ചീത്തപ്പേര് മറികടക്കാന്‍ തന്നെയാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് അരയും തലയും മുറുക്കി ഇറങ്ങുന്നത്.

റിഷബ് പന്തിന്റെ അഭാവത്തില്‍ ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറിന്റെ കീഴിലാകും ക്യാപ്പിറ്റല്‍സ് ഐ.പി.എല്ലിന്റെ 16ാം സീസണിനിറങ്ങുക. 2016ല്‍ സണ്‍റൈസേഴ്‌സിനെ കിരീടം ചൂടിച്ച വാര്‍ണറിന്റെ ക്യാപ്റ്റന്‍സിയില്‍ ആരാധകരും ഏറെ വിശ്വാസമര്‍പ്പിക്കുന്നുണ്ട്.

വാര്‍ണറിന്റെ കീഴില്‍ ടീം സര്‍വ സജ്ജരാണെങ്കിലും പന്തിന്റെ അഭാവം ക്യാപ്പിറ്റല്‍സില്‍ സൃഷ്ടിച്ച വിടവ് ചെറുതല്ല. ആ വിടവ് നികത്താന്‍ പന്തിനെ കൊണ്ട് മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവും ടീമിനുണ്ട്.

എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ട റിഷബ് പന്തും ‘ഗ്രൗണ്ടിലൂണ്ടാകുമെന്ന്’ ഉറപ്പുവരുത്തുകയാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ്. പന്തിന്റെ ജേഴ്‌സി നമ്പര്‍ ക്യാപ്പിറ്റല്‍സിലെ എല്ലാ താരങ്ങളുടെയും ജേഴ്‌സിയിലും തൊപ്പിയിലും പതിക്കാന്‍ ഒരുങ്ങുകയാണ് മാനേജ്‌മെന്റ്.

ടീമിന്റെ കോച്ചും ക്രിക്കറ്റ് ലെജന്‍ഡുമായ റിക്കി പോണ്ടിങ്ങാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

‘എന്നെ സംബന്ധിച്ച്, സാഹചര്യം അനുയോജ്യമാണെങ്കില്‍ ടീമിന്റെ എല്ലാ മത്സരത്തിലും അവന്‍ ഡഗ് ഔട്ടില്‍ എന്റെയൊപ്പം കൊണ്ടിരുത്തും. ഇനി സാഹചര്യങ്ങള്‍ അങ്ങനെ അല്ല എന്നാണെങ്കില്‍ അവന്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെന്നുറപ്പാക്കാന്‍ എന്തെല്ലാം സാധ്യമാകുമോ, അതെല്ലാം ഞങ്ങള്‍ ചെയ്യും.

അവന്റെ ജേഴ്‌സി നമ്പര്‍ ഞങ്ങളുടെ ജേഴ്‌സിയിലോ ക്യാപ്പിലോ ഞങ്ങള്‍ പതിപ്പിക്കും. അവന്‍ ഞങ്ങള്‍ക്കൊപ്പമില്ലെങ്കിലും അവന്‍ ഞങ്ങളുടെ ലീഡറാണ് എന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണിത്,’ പോണ്ടിങ് പറഞ്ഞു.

‘ പന്ത് ടീമിനൊപ്പമില്ലാത്തത് വളരെ വലിയ നഷ്ടമാണ്. ഞങ്ങള്‍ ആരെ തന്നെ കൊണ്ടുവന്നാലും ഞങ്ങളവനെ മിസ് ചെയ്യും. ഞാനിപ്പോള്‍ തമാശ പറയുകയോ ആ വസ്തുതയെ മറച്ചുപിടിക്കാന്‍ ശ്രമിക്കുകയോ അല്ല. മൂന്ന് ഫോര്‍മാറ്റിലും അവന്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് പന്ത്,’ പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പന്ത് വളരെ പെട്ടെന്ന് തന്നെ സുഖം പ്രാപിച്ചുവരികയാണ് എന്നത് ആരാധകരെയും ആവേശത്തിലാഴ്ത്തുന്നുണ്ട്.

ഏപ്രില്‍ ഒന്നിനാണ് സീസണില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. കെ.എല്‍. രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍. ലഖ്‌നൗവിന്റെ ഹോം സ്‌റ്റേഡിയമായ എകാന സ്‌പോര്‍ട്‌സ് സിറ്റിയാണ് വേദി.

Content Highlight: Ricky Ponting about Rishabh Pant

We use cookies to give you the best possible experience. Learn more