| Monday, 12th August 2024, 6:39 pm

കഴിഞ്ഞ 15-20 വര്‍ഷങ്ങളായുള്ള ശ്രമമാണ്, ഒടുവില്‍ അത് സാധ്യമാകാന്‍ പോകുന്നു; ഇത് ക്രിക്കറ്റിന് ഗുണം ചെയ്യും: റിക്കി പോണ്ടിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ആളും ആരവവുമായി 2024 ഒളിമ്പിക്‌സിന് പാരീസില്‍ കൊടിയിറങ്ങിയിരിക്കുകയാണ്. ഇനി 2028 ഒളിമ്പിക്‌സിനായുള്ള കാത്തിരിപ്പിലാണ് കായിക ലോകം. അമേരിക്കയിലെ ലോസ് ആഞ്ചലസാണ് 2028 ഒളിമ്പിക്‌സിന് വേദിയാകുന്നത്.

പല മാറ്റങ്ങളും 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സില്‍ ഉണ്ടാകും. ബോക്‌സിങ് ഒളിമ്പിക്‌സില്‍ നിന്നും പുറത്തായപ്പോള്‍ ക്രിക്കറ്റ് ഒളിമ്പിക്‌സിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ്. ക്രിക്കറ്റ് എന്ന ഗെയിമിനും ക്രിക്കറ്റ് പ്ലെയിങ് നേഷനുകള്‍ക്കും വളരെ വലിയ അവസരമാണ് 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സ്.

ഇപ്പോള്‍ ക്രിക്കറ്റ് ഒളിമ്പിക്‌സിന്റെ ഭാഗമായതിന് കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്. ക്രിക്കറ്റ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തിയത് വളരെ മികച്ച കാര്യമാണെന്നും ഏറെ കാലമായുള്ള ശ്രമം ഫലവത്തായെന്നും പോണ്ടിങ് പറഞ്ഞു. ഐ.സി.സി റിവ്യൂയിലാണ് പോണ്ടിങ് ഇക്കാര്യം പറഞ്ഞത്.

‘ക്രിക്കറ്റിനെ സംബന്ധിച്ച് ഇത് ഗുണം മാത്രമേ ചെയ്യുകയുള്ളൂ. കഴിഞ്ഞ 15-20 വര്‍ഷങ്ങളായി പല കമ്മിറ്റികളിലും ഇരുന്ന് ഞാനും ഈ വിഷയം ചര്‍ച്ച ചെയ്തതാണ്. ക്രിക്കറ്റിനെ എങ്ങനെ വീണ്ടും ഒളിമ്പിക്‌സിന്റെ ഭാഗമാക്കാം എന്നത് എല്ലാ തവണയും ഒരു പ്രധാന അജണ്ടയുമായിരുന്നു. ഒടുവില്‍ അത് സംഭവിക്കുന്നു,’ പോണ്ടിങ് പറഞ്ഞു.

ഏറെ നാളത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് ക്രിക്കറ്റ് ഒളിമ്പിക്‌സിന്റെ ഭാഗമാകുന്നത്. 1900ലെ പാരീസ് ഒളിമ്പിക്‌സിന് ശേഷം ഇതാദ്യമായാണ് ക്രിക്കറ്റ് വീണ്ടും ബിഗ് സ്റ്റേജിലേക്ക് തിരിച്ചെത്തുന്നത്.

1900ല്‍ മാത്രമാണ് ക്രിക്കറ്റ് ഒളിമ്പിക്‌സിന്റെ ഭാഗമായത്. രണ്ട് ടീമുകള്‍ മാത്രമാണ് പങ്കെടുത്തത്. ഗ്രേറ്റ് ബ്രിട്ടണും ഫ്രാന്‍സും തമ്മില്‍ നടന്ന 2-ഡേ മാച്ചില്‍ ബ്രിട്ടണാണ് സ്വര്‍ണമണിഞ്ഞത്. ഒളിമ്പിക്‌സ് ചരിത്രത്തിലെ ഏക ഒളിമ്പിക് ക്രിക്കറ്റ് ഗോള്‍ഡ് മെഡലിസ്റ്റുകള്‍ എന്ന ബ്രിട്ടണിന്റെ 128 വര്‍ഷത്തെ റെക്കോഡാകും ലോസ് ആഞ്ചലസില്‍ തകര്‍ന്ന് വീഴുക.

ക്രിക്കറ്റ് മാത്രമല്ല, പഴയതും പുതിയതുമായ ആറ് ഗെയിമുകള്‍ കൂടി ലോസ് ആഞ്ചലസ് ഒളിമ്പികിസിന്റെ ഭാഗമാകുന്നുണ്ട്. ഫ്‌ളാഗ് ഫുട്‌ബോളും സ്‌ക്വാഷും ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ്. രണ്ട് ഇവന്റുകളും ഓപ്ഷണലായാണ് എല്‍.എ ഒളിമ്പിക്‌സിന്റെ ഭാഗമാകുന്നത്. 2032ല്‍ ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ഈ രണ്ട് ഗെയിമുകളും ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതകളുണ്ട്.

2028ല്‍ ക്രിക്കറ്റിന് പുറമെ ബേസ്‌ബോളും സോഫ്റ്റ്‌ബോളും ലാക്രോസും തിരിച്ചുവരവിനൊരുങ്ങുകയാണ്.

Content Highlight: Ricky Ponting about inclusion of cricket in 2028 Los Angeles Olympics

We use cookies to give you the best possible experience. Learn more