ടി-20 ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെ ഓസ്‌ട്രേലിയ പുറത്തായതിന് പിന്നാലെ ടീമിന്റെ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് വാര്‍ണര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.
വാര്‍ണറിനെ മറ്റൊരു കിരീടത്തോടെ യാത്രയാക്കാനുള്ള ഓസ്‌ട്രേലിയയുടെ മോഹവും അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയതോടെ അവസാനിക്കുകയായിരുന്നു.
ടെസ്റ്റില്‍ നിന്നും നേരത്തെ വിരമിച്ച വാര്‍ണര്‍, കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് കാന്‍ബറയിലേക്കെത്തിച്ചതിന് പിന്നാലെ 50 ഓവര്‍ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയിരുന്നു. ഇപ്പോള്‍ ടി-20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ താരത്തിന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചിരിക്കുകയാണ്.
ഇപ്പോള്‍ വാര്‍ണറിന്റെ വിരമിക്കലിനെ കുറിച്ച് പറയുകയാണ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായിരുന്നു ഡേവിഡ് വാര്‍ണറെന്നും ഇതുപോലെ മറ്റൊരു താരത്തെ കണ്ടെത്താന്‍ ടീം നന്നേ പാടുപെടുമെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.സിയുടെ ഡിജിറ്റല്‍ ഡെയ്‌ലി ഷോയിലൂടെയാണ് പോണ്ടിങ് ഇക്കാര്യം പറഞ്ഞത്.
‘അവന്റെ (ഡേവിഡ് വാര്‍ണര്‍) തോളിലൂടെ കയ്യിട്ട് ഞാന്‍ പറഞ്ഞു, ‘ഇന്ന് രാത്രി ഒരു നിമിഷമെടുത്ത് ഓസ്‌ട്രേലിയക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റുകളിലുമായി കളിച്ച അവിശ്വസനീയമായ ഇന്നിങ്‌സിനെ കുറിച്ച് ആലോചിക്കൂ’ എന്ന്.
കഴിഞ്ഞ സമ്മറില്‍ അവന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച കാര്യം നമുക്കെല്ലാമറിയാം. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ഡേവിഡ് വാര്‍ണറിനേക്കാള്‍ സ്വാധീനം ചെലുത്തിയ മറ്റൊരാളെ കണ്ടെത്താന്‍ നിങ്ങള്‍ പാടുപെടും,’ പോണ്ടിങ് പറഞ്ഞു.
നീണ്ട 15 വര്‍ഷത്തെ കരിയറിനോടാണ് വാര്‍ണര്‍ ഇപ്പോള്‍ വിടപറഞ്ഞിരിക്കുന്നത്. കുട്ടിക്രിക്കറ്റിലൂടെയാണ് വാര്‍ണര്‍ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. 2009 ജനുവരിയില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ തന്നെ തന്റെ ഐതിഹാസിക കരിയറിന്റെ ട്രെയ്ലര്‍ താരം ആരാധകര്‍ക്ക് മുമ്പില്‍ വെച്ചിരുന്നു. 43 പന്തില്‍ 89 റണ്‍സാണ് വാര്‍ണര്‍ അടിച്ചുകൂട്ടിയത്.
മത്സരത്തില്‍ 52 റണ്‍സിന് ഓസ്ട്രേലിയ വിജയിച്ചുകയറിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുത്തതും വാര്‍ണറിനെ തന്നെയായിരുന്നു. ഒരാഴ്ചക്ക് ശേഷം ഇതേ പ്രോട്ടിയാസിനെതിരെ താരം ഏകദിനത്തിലും അരങ്ങേറ്റം കുറിച്ചു.
2011ലാണ് വാര്‍ണര്‍ റെഡ് ബോളില്‍ അരങ്ങേറ്റം കുറിക്കുന്നത്. ബ്രിസ്ബെയ്നില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡായിരുന്നു എതിരാളികള്‍.
ആദ്യ ടെസ്റ്റില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയാണ് വാര്‍ണര്‍ വരവറിയിച്ചത്.
ശേഷം ക്രിക്കറ്റ് ലോകം കണ്ടത് പകരം വെക്കാനില്ലാത്ത പ്രതിഭയുടെ പ്രകടനങ്ങള്‍ക്കായിരുന്നു.
ഓസീസിനായി ബാഗി ഗ്രീനണിഞ്ഞ് 112 മത്സരങ്ങളിലാണ് വാര്‍ണര്‍ കളത്തിലിറങ്ങിയത്. 44.59 ശരാശരിയില്‍ 26 സെഞ്ച്വറിയും 37 അര്‍ധ സെഞ്ച്വറിയുമായി 8,766 റണ്‍സാണ് ദി ബുള്‍ എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന വാര്‍ണര്‍ സ്വന്തമാക്കിയത്.
2023 ലോകകപ്പില്‍ ഓസ്ട്രേലിയയെ ആറാം കിരീടവുമണിയിച്ചാണ് വാര്‍ണര്‍ ഏകദിന കരിയര്‍ അവസാനിപ്പിച്ചത്. 161 മത്സരത്തില്‍ നിന്നും 45.30 ശരാശരിയില്‍ 6932 റണ്‍സ് സ്വന്തമാക്കി. 22 സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും ഒപ്പം രണ്ട് ഏകദിന കിരീടങ്ങളും അടങ്ങുന്നതാണ് താരത്തിന്റെ ഓ.ഡി.ഐ കരിയര്‍.