|

ഏഴ് വർഷമായിട്ടും കിരീടമില്ല, ഓസീസ് ഇതിഹാസം ടീം വിട്ടു; രക്ഷകനാവാൻ ഗാംഗുലി എത്തുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പരിശീലക സ്ഥാനത്തു നിന്നും മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് ഒഴിഞ്ഞു. നീണ്ട ഏഴ് വര്‍ഷങ്ങളായി ദല്‍ഹിയുടെ പരിശീലകനായി സേവനമനുഷ്ഠിച്ചതിനുശേഷം ആണ് പോണ്ടിങ് ടീമിനോട് വിട പറയുന്നത്. ദല്‍ഹി ക്യാപ്പിറ്റല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

‘ഏഴു സീസണുകള്‍ക്ക് ശേഷം റിക്കി പോണ്ടിങ്ങുമായി പിരിയാന്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് തീരുമാനിച്ചു. ഇതൊരു മികച്ച യാത്രയായിരുന്നു കോച്ച്, എല്ലാത്തിനും നന്ദി,’ എന്നാണ് ദല്‍ഹി ക്യാപ്പിറ്റല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചത്.

റിക്കി പോണ്ടിങ്ങിന്റെ കീഴില്‍ ദല്‍ഹിക്ക് കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും ഫ്രാഞ്ചൈസിയുടെ ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ എത്താന്‍ സാധിച്ചിരുന്നു. 2020ല്‍ ആയിരുന്നു ക്യാപിറ്റല്‍സ് ആദ്യമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ എത്തിയത്.

എന്നാല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട് ദല്‍ഹിക്ക് കിരീടം നഷ്ടമാവുകയായിരുന്നു. ഇതിന് പുറമെ 2019, 2021 എന്നീ സീസണുകളില്‍ പ്ലേ ഓഫിലേക്ക് മുന്നേറാനും ദല്‍ഹിക്ക് സാധിച്ചിരുന്നു.

2024 ഐ.പി.എല്ലില്‍ 14 മത്സരങ്ങളില്‍ നിന്നും ഏഴ് വീതം വിജയവും തോല്‍വിയുമായി ആറാം സ്ഥാനത്തായിരുന്നു ക്യാപ്പിറ്റല്‍സ് ഫിനിഷ് ചെയ്തിരുന്നത്. 2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മെഗാ ലേലം ആണ് ആയിരിക്കും നടക്കുക.

അതുകൊണ്ടുതന്നെ ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ആയിരിക്കും ദല്‍ഹി ലക്ഷ്യമിടുക. റിക്കി പോണ്ടിങ്ങിന് പകരം ദല്‍ഹിയുടെ പരിശീലകനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്.

Content Highlight: Ricky Ponding left Delhi Capitals coaching Position