ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്നതും ഫൈഫര്‍ പോലുള്ള നേട്ടങ്ങള്‍ സ്വന്തമാക്കുന്നതും ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്. ഇത്തരം നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ ഇവര്‍ അത് ആഘോഷമാക്കുന്നതും സഹതാരങ്ങള്‍ അഭിനന്ദിക്കുന്നതുമെല്ലാം ക്രിക്കറ്റില്‍ സ്ഥിരമുള്ള കാഴ്ചയാണ്.
എന്നാല്‍ ഇത്തരം വ്യക്തിഗത നേട്ടങ്ങള്‍ ആഘോഷിക്കരുതെന്ന നിയമം കൊണ്ടുവന്നിരിക്കുകയാണ് ആന്ധ്രാപ്രദേശ് നായകന്‍ ഹനുമ വിഹാരി. രഞ്ജിയില്‍ ഈ സീസണില്‍ ഒരു വ്യക്തിഗത നേട്ടങ്ങളും ആഘോഷിക്കപ്പെടരുതെന്നും ടീമിന്റെ നേട്ടങ്ങളിലാണ് സന്തോഷിക്കേണ്ടതും ആഘോഷിക്കേണ്ടതും എന്നാണ് ആന്ധ്രയുടെ പക്ഷം.
ആന്ധ്രപ്രദേശ് സൂപ്പര്‍ ബാറ്ററായ റിക്കി ഭുയി ആണ് ടീമിലെ ഈ നിയമത്തെ കുറിച്ച് സംസാരിക്കുന്നത്. ഇക്കാരണത്താല്‍ ബംഗാളിനെതിരായ മത്സരത്തില്‍ താന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ ഡ്രസ്സിങ് റൂമിലെ ഒരാള്‍ പോലും കയ്യടിച്ചില്ലെന്നാണ് ഭുയി പറയുന്നത്. മത്സരത്തില്‍ 347 പന്ത് നേരിട്ട് 175 റണ്‍സാണ് താരം നേടിയത്.
‘വ്യക്തിഗത നേട്ടങ്ങളൊന്നും തന്നെയില്ല എന്നാണ് ഒരു ലീഡര്‍ എന്ന നിലയില്‍ വിഹാരി ഞങ്ങളോട് പറഞ്ഞിട്ടുള്ളത്. എന്തുതന്നെയായാലും അത് ടീമിന്റെ നേട്ടമാണ്. ഞാന്‍ സെഞ്ച്വറി നേടിയപ്പോള്‍ ഒരാള്‍ പോലും കയ്യടിച്ചിരുന്നില്ല. അപ്പോള്‍ ലക്ഷ്യം ചെയ്‌സ് ചെയ്യുക എന്നതായിരുന്നു പ്രധാനം. അതാണ് ഞങ്ങള്‍ ചെയ്യേണ്ടത്.
ഒരു നേട്ടം സ്വന്തമാക്കുമ്പോള്‍ ആളുകള്‍ അതുകൊണ്ട് തൃപ്തിപ്പെടും. എന്നാല്‍ മത്സരം വിജയിക്കുന്നത് വരെ അത്തരത്തില്‍ ആരും തൃപ്തിപ്പെടരുത്.ഇത്തരം ചെറിയ കാര്യങ്ങള്‍ കൊണ്ട് ടീം ഒറ്റക്കെട്ടാണെന്ന് ഞങ്ങള്‍ ഉറപ്പാക്കി. ഇത്തവണ വിജയലക്ഷ്യം മറികടക്കാനുള്ള (കിരീടം നേടാനുള്ള) ദൃഢനിശ്ചയത്തിലാണ് ഞങ്ങള്‍,’ റിക്കി ഭുയി പറഞ്ഞു.
അതേസമയം, ആന്ധ്ര – ബംഗാള്‍ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. വിശാഖപട്ടണത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗാള്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയും ആദ്യ ഇന്നിങ്‌സില്‍ 409 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയും ചെയ്തിരുന്നു.
ആന്ധ്രക്കായി ലളിത് മോഹന്‍ നാല് വിക്കറ്റ് വീഴ്ത്തി.
ആദ്യ ഇന്നിങ്‌സിനിറങ്ങിയ ആന്ധ്രക്കായി റിക്കി ഭുയി 175 റണ്‍സ് നേടി. ഇതിന് പുറമെ ക്യാപ്റ്റന്‍ ഹനുമ വിഹാരിയും ഷോയ്ബ് ഖാനും അര്‍ധ സെഞ്ച്വറി നേടിയതോടെ ആന്ധ്ര 445 റണ്‍സ് അടിച്ചുകൂട്ടി.