ഇങ്ങനെപോയാല്‍ അവന്റെ ഓപ്പണിങ് സ്ഥാനം തെറിക്കും; യുവതാരത്തിന് മുന്നറിയിപ്പുമായി റിക്കി പോണ്ടിങ്
Sports News
ഇങ്ങനെപോയാല്‍ അവന്റെ ഓപ്പണിങ് സ്ഥാനം തെറിക്കും; യുവതാരത്തിന് മുന്നറിയിപ്പുമായി റിക്കി പോണ്ടിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th January 2025, 11:36 am

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ നാലാം ടെസ്റ്റിലെ ഒന്നാം ദിനത്തില്‍ സാം കോണ്‍സ്റ്റസിനെ തോളില്‍ ഇടിച്ച് വിരാട് കോഹ്ലി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. മത്സരത്തില്‍ സാം ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ സ്ലെഡ്ജിങ്ങില്‍ ഏര്‍പ്പെട്ടിരുന്നു.

മാത്രമല്ല വിരാട് കുറ്റം ചെയ്തത് തെളിയിക്കപ്പെട്ടതോടെ ഐ.സി.സി താരത്തിന് മാച്ച് ഫീയുടെ 20 ശതമാനം പിഴ നല്‍കുകയും ചെയ്തിരുന്നു. മാത്രമല്ല അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയ്‌ക്കെതിരെയും കോണ്‍സ്റ്റസ് സംസാരിച്ചിരുന്നു.

സീനിയര്‍ താരങ്ങള്‍ക്കെതിരെ മോശം രീതിയില്‍ സംസാരിച്ച സാമിന് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്. സാം ഇത്തരത്തിലുള്ള തന്റെ പെരുമാറ്റം മാറ്റിയില്ലെങ്കില്‍ ഓപ്പണര്‍ സ്ഥാനം വൈകാതെ നഷ്ടപ്പെടുമെന്നാണ് പറഞ്ഞത്.

‘ഈ രീതിയില്‍ തുടര്‍ന്ന് കളിച്ചാല്‍ അവന് ഓപ്പണറായി നിലനില്‍ക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. ഇന്ത്യയ്ക്കെതിരെ കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്ന് അവന്‍ കാര്യങ്ങള്‍ പഠിക്കും. അതൊരു വലിയ വേദിയായിരുന്നു, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ പ്രകടനം അവന്‍ നന്നായി ആസ്വദിച്ചുകാണും,

അന്താരാഷ്ട്ര ക്രിക്കറ്റില്‍ തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിക്കുന്നതിന് മുമ്പ് യുവ താരങ്ങള്‍ അമിതമായി ഭയക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വിജയിക്കാന്‍ എന്താണ് വേണ്ടതെന്ന് മനസിലാക്കാന്‍ അവര്‍ക്ക് കുറച്ച് ഗെയിമുകളോ രണ്ട് പരമ്പരകളോ ആവശ്യമാണ്,’ ഐ.സി.സി റിവ്യൂ ഷോയില്‍ റിക്കി പോണ്ടിങ് പറഞ്ഞു.

എം.സിജിയില്‍ ഓപ്പണര്‍ നഥാന്‍ മെക്‌സ്വീനിക്ക് പകരം ഇറങ്ങിയ യുവ ബാറ്റര്‍ സാം 60 റണ്‍സ് നേടിയാണ് തന്റെ ഇന്റര്‍നാഷണല്‍ മത്സരത്തില്‍ വരവറിയിച്ചത്. ബുംറയെ ആദ്യ പന്തില്‍ ഫോര്‍ അടിച്ച് തുടങ്ങിയ അവസാന ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലുമായി 45 റണ്‍സും നേടിയ താരം 113 റണ്‍സാണ് പരമ്പരയില്‍ അടിച്ചത്.

Content Highlight: Rickey Ponting Talking Against Sam Konstas