പന്തിന്റെ തിരിച്ചുവരവ്; വെളിപ്പെടുത്തലുമായി റിക്കി പോണ്ടിങ്
Sports News
പന്തിന്റെ തിരിച്ചുവരവ്; വെളിപ്പെടുത്തലുമായി റിക്കി പോണ്ടിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th March 2024, 3:19 pm

2024 ഐ.പി.എല്‍ മാര്‍ച്ച് 22ന് ആരംഭിക്കും. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ലീഗാണ് ഐ.പി.എല്‍. ആദ്യ മത്സരത്തില്‍ എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും വിരാട് കോഹ്‌ലി നയിക്കുന്ന ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സും തമ്മിലാണ് ആദ്യ മത്സരം.

എന്നാല്‍ വഹനാപകടത്തില്‍ പരിക്ക് പറ്റി ഏറെ കാലം ചികിത്സയിലായിരുന്ന ദല്‍ഹി കാപിറ്റല്‍സ് താരവും ക്യാപ്റ്റനുമായിരുന്ന റിഷബ് പന്തിന്റെ കാര്യത്തില്‍ വീണ്ടും സംശയത്തിലായിരുന്നു. ഇതേതുടര്‍ന്ന് ഒരുപാട് ചര്‍ച്ചകള്‍ നടന്നിരിന്നു. താരം ഐ.പി.എല്ലില്‍ തിരിച്ച് വരുമെന്ന് പറഞ്ഞെങ്കിലും ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി മാച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് താരത്തിന് നല്‍കിയിട്ടില്ലായിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ ദല്‍ഹിയുടെ ഹെഡ് കോച്ച് നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്.

‘ഞങ്ങള്‍ ഈ കാര്യത്തില്‍ എടുക്കേണ്ടത് വലിയൊരു തീരുമാനമാണ്. അദ്ദേഹം ഫിറ്റാണെങ്കില്‍ ടീമിന്റെ ക്യാപ്റ്റന്‍സി റോളിലേക്ക് അദ്ദേഹം വരുമെന്ന് കരുതും, ഇനി അദ്ദേഹം പൂര്‍ണമായും ഫിറ്റല്ലെങ്കില്‍ വ്യത്യസ്തമായ റോളില്‍ കളിപ്പിക്കുന്നത് ഞങ്ങള്‍ക്ക് ആലോചിക്കേണ്ടിവരും,’ റിക്കി പോണ്ടിങ് പറഞ്ഞു.

നിലവില്‍ പന്തിന് എന്‍.സി.എ മാച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് താരത്തിന് നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

2022 ഡിസംബറിലെ വാഹനാപകടത്തെത്തുടര്‍ന്ന് പന്ത് ഒരു വര്‍ഷത്തിലേറെയായി മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. എന്നാല്‍ ചികിത്സക്ക് ശേഷം താരം ഐ.പി.എല്ലില്‍ തിരിച്ചുവരാനായി കഠിനമായ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു.

‘തിരിച്ചുവരവിനായി പന്ത് കഴിഞ്ഞ ദിവസം പരിശീലന മത്സരങ്ങള്‍ കളിച്ചിരുന്നു. ഇത് ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടാക്കിയ കാര്യമാണ്, ലോകം മുഴുവനും അദ്ദേഹം വീണ്ടും ക്രിക്കറ്റ് കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content highlight: Rickey Ponting Talking About Rishabh Pant