അവന്‍ ഒരു ഇടംകയ്യന്‍ പേസറാണ്, ഓസ്‌ട്രേലിയക്കെതിരായ അവന്‍ തിളങ്ങും; വമ്പന്‍ പ്രസ്താവനയുമായി റിക്കി പോണ്ടിങ്
Sports News
അവന്‍ ഒരു ഇടംകയ്യന്‍ പേസറാണ്, ഓസ്‌ട്രേലിയക്കെതിരായ അവന്‍ തിളങ്ങും; വമ്പന്‍ പ്രസ്താവനയുമായി റിക്കി പോണ്ടിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th August 2024, 11:16 am

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പര നവംബര്‍ 26നാണ് ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 26-30 വരെയാണ് നടക്കുക. രണ്ടാം മത്സരം ഡിസംബര്‍ 6-10 തിയ്യതിയിലും മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14-18നും നാലാം ടെസ്റ്റ് 26-30 തിയ്യതിയിലും നടക്കും. ശേഷം അവസാന ടെസ്റ്റ് 2025 ജനുവരി 3-7നുമാണ് നടക്കുക.

ഇപ്പോള്‍ ഈ പരമ്പരയ്ക്ക് മുന്നോടിയായി മുന്‍ ഓസീസ് നായകനും പരിശീലകനുമായ റിക്കി പോണ്ടിങ് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. പരമ്പരയില്‍ ഇന്ത്യന്‍ യുവ പേസര്‍ ഖലീല്‍ അഹമ്മദ് ഇടം നേടിയാല്‍ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് പോണ്ടിങ് പറഞ്ഞത്.

‘ഖലീല്‍ അഹമ്മദിന് ഓസ്ട്രേലിയക്കെതിരെ കളിക്കാന്‍ അവസരമുണ്ട്. ഒരു ഇടംങ്കയ്യന്‍ പേസര്‍ ഇന്ത്യന്‍ ടീമിന് അനുയോജ്യമാകും. സമീപകാല ടി20 മത്സരങ്ങളില്‍ അദ്ദേഹം അത്ര മികച്ചതായിരുന്നില്ല, എന്നാല്‍ ഓസ്ട്രേലിയന്‍ പിച്ചുകളില്‍ അദ്ദേഹത്തെ പോലൊരു ബൗളര്‍ ആവശ്യമാണെന്ന് എനിക്കറിയാം,’ പോണ്ടിങ് പറഞ്ഞു.

വലംകയ്യന്‍ ബാറ്ററും ഇടംകയ്യന്‍ മീഡിയം ഫാസ്റ്റ് ബൗളറുമായ ഖലീല്‍ അഹമ്മദ് 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി 11 ഏകദിനത്തില്‍ നിന്ന് 15 വിക്കറ്റുകളാണ് നേടിയത്. ടി-20യിലെ 18 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റും ഐ.പി.എല്ലിലെ 57 മത്സരത്തില്‍ നിന്ന് 74 വിക്കറ്റുമാണ് താരം നേടിയത്. നിലവില്‍ രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ മേല്‍നോട്ടത്തിലാണ് ടീം ഇന്ത്യ. ശ്രീലങ്കയ്‌ക്കെതിരെയുള്ള ടി-20 പരമ്പര വിജയിച്ചപ്പോള്‍ ഏകദിനത്തില്‍ ഇന്ത്യ 2-0ന് പരാജയപ്പെട്ടിരുന്നു.

 

 

Content Highlight: Rickey Ponting Talking About Khaleel Ahammad