| Wednesday, 4th December 2024, 10:13 pm

ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും അവനെപ്പോലെ ഒരു ഇന്ത്യന്‍ ഇതിഹാസവും കളിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് പോണ്ടിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ 295 റണ്‍സിന്റെ വിജയം ഇന്ത്യയെ പരമ്പരയില്‍ മുന്നിലെത്തിച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലാണ്.

ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാറി നിന്നപ്പോള്‍ ടീമിനെ നയിച്ച ബുംറ ക്യാപ്റ്റനെന്ന നിലയിലും ബൗളര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും ബുംറയ്ക്കായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ പേസ് മാസ്റ്റര്‍ ബുംറയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിങ്. ബുംറ മൂന്ന് ഫോര്‍മാറ്റിലേയും ഏറ്റവും മികച്ച ബൗളറാണെന്നാണ് പോണ്ടിങ് പറഞ്ഞത്.

പോണ്ടി ബുംറയെക്കുറിച്ച് പറഞ്ഞത്

‘ക്യാപ്റ്റന്‍ എഴുന്നേറ്റു നില്‍ക്കേണ്ടത് വളരെ പ്രധാനമായിരുന്നു, എല്ലാ ഫോര്‍മാറ്റുകളിലും അവന്‍ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാകുന്നത് എന്തുകൊണ്ടാണെന്ന് എല്ലാവരേയും കാണിച്ചുതന്നുവെന്ന് ഞാന്‍ കരുതുന്നു.

ആദ്യ ഇന്നിങ്സില്‍ മാത്രമല്ല, ആ മുഴുവന്‍ കളിയിലും അവന്റെ വേഗത, സ്ഥിരത, പന്ത് ചലിപ്പിക്കാനുള്ള അവന്റെ കഴിവ്, സ്റ്റമ്പുകളെ നിരന്തരം വെല്ലുവിളിക്കാനും സ്റ്റമ്പില്‍ അടിക്കാനുമുള്ള അവന്റെ കഴിവ്, ഇതെല്ലാം അവനെ വ്യത്യസ്തനാക്കുന്നു.

തീര്‍ച്ചയായും അവന്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണെന്ന് ഞാന്‍ കരുതുന്നു, അവന് മുമ്പുള്ള പല മഹാന്മാരും മൂന്ന് ഫോര്‍മാറ്റുകളും അദ്ദേഹത്തെപ്പോലെ കളിച്ചിട്ടില്ല. എനിക്ക് കൈ ഉയര്‍ത്തി ആളുകളോട് അവന്റെ കളി കാണാന്‍ ആവശ്യപ്പെടാം, ടി-20 ക്രിക്കറ്റ്, ഏകദിന ക്രിക്കറ്റ്, ടെസ്റ്റ് മാച്ച് ക്രിക്കറ്റ് എന്നിവയില്‍ അവന്‍ ഇപ്പോള്‍ ഏറ്റവും മികച്ചതാണ്,’ ഐ.സി.സിയുടെ ഏറ്റവും പുതിയ ഇന്റര്‍വ്യൂയില്‍ പോണ്ടിങ് പറഞ്ഞു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡ്‌ലെയ്ഡ് ഓവലിലാണ് നടക്കുക. ഡേ- നൈറ്റ് ടെസ്റ്റ് ആയതിനാല്‍ പിങ്ക് ബോളായിരിക്കും ഉപയോഗിക്കുക.

Content Highlight: Rickey Ponting Talking About Jasprit Bumrah

We use cookies to give you the best possible experience. Learn more