അയര്‍ലന്‍ഡിനെ തരിപ്പണമാക്കിയാണ് ഇന്ത്യ ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിജയിച്ചത്. ന്യൂയോര്‍ക്കിലെ ഈസ്റ്റ് മെഡോയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എതിരാളികളെ ബാറ്റിങ്ങിനയച്ചു. ഒടുവില്‍ 16 ഓവറില്‍ 96 റണ്‍സിന് പച്ചക്കിളികളെ രോഹിത്തും സംഘവും മടക്കിക്കെട്ടിയത്. ഇന്ത്യ 12.2 ഓവറിലാണ് മത്സരം ഫിനിഷ് ചെയ്തത്. മത്സരം വിജയിച്ച ഇന്ത്യയ്ക്ക് ഒരു ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. സ്‌ക്വാഡ് നന്നായാലും സമ്മര്‍ദം ഉണ്ടായാല്‍ ഇന്ത്യയ്ക്ക് അതിജീവിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് പരിശീലകന്‍ പൂടിയായ പോണ്ടിങ് പറഞ്ഞത്.
‘ഇന്ത്യന്‍ സക്വാഡില്‍ സംശയാസ്പദമായ പ്രതിഭകളൊന്നുമില്ല, പക്ഷേ ലോകകപ്പ് വിജയിക്കാന്‍ എളുപ്പമല്ല എന്നതും നാം മറക്കരുത്. അതിന് ഒരു മൈന്‍ഡ്‌സെറ്റ് വേണം. നിങ്ങള്‍ സമ്മര്‍ദത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു, സമ്മര്‍ദത്തെ എങ്ങനെ നേരിടുന്നു എന്നതിനനുസരിച്ചാണ് ടി-20യിലെ വിജയവും തോല്‍വിയും ഉണ്ടാകുക,’റിക്കി പോണ്ടിങ്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വിരാടിനെ ഒരു റണ്‍സിന് നഷ്ടമായപ്പോള്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് പ്രകടനത്തിലാണ് ഇന്ത്യ കുതിപ്പ് തുടങ്ങിയത്. മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടെ 37 പന്തില്‍ 52 റണ്‍സ് നേടിയാണ് രോഹിത് തകര്‍ത്താടിയത്.
കിടിലന്‍ ഇന്നിങ്സില്‍ പരിക്ക് മൂലം റിട്ടയേഡ് ഔട്ട് ആവുകയായിരുന്നു രോഹിത്. ഒപ്പം നിന്ന റിഷബ് പന്ത് രണ്ട് സിക്സും മൂന്ന് ഫോറും അടക്കം 26 പന്തില്‍ 36 റണ്‍സ് നേടി മത്സരം അനായാസം ഫിനിഷ് ചെയ്യുകയായിരുന്നു.
പേസര്‍മാരായിരുന്നു ഇന്ത്യയുടെ കരുത്ത്. അയര്‍ലന്‍ഡിന്റെ എട്ട് വിക്കറ്റുകളും പിഴുതെറിഞ്ഞത് പേസര്‍മാര്‍ തന്നെയായിരുന്നു. ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വിക്കറ്റ് നേടിയപ്പോള്‍ ബുംറയും അര്‍ഷ്ദീപും രണ്ട് വിക്കറ്റ് വീതവും സിറാജും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതവും നേടി.
ഈ വിജയത്തോടെ ഗ്രൂപ്പ് എ-യില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ജൂണ്‍ ഒമ്പതിനാണ് ഇന്ത്യയുടെ അടുത്ത മത്സരം. ന്യൂയോര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.
Content Highlight: Rickey Ponting Talking About Indian t-20 Team