| Friday, 29th November 2024, 6:42 pm

നിങ്ങള്‍ ആദ്യം ചാമ്പ്യന്മാരെ വിശ്വസിക്കൂ, അവരെ മാറ്റേണ്ടതില്ല; രണ്ടാം ടെസ്റ്റിനിറങ്ങുന്ന ഓസീസിന് നിര്‍ദേശവുമായി പോണ്ടിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന്റെ ആധിപത്യത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയോട് തോറ്റ ഓസ്‌ട്രേലിയന്‍ ഇലവനില്‍ അടുത്ത മത്സരത്തിനായി മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ലെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് പറഞ്ഞു.

നിലവിലെ ടീം ഇലവന്‍ വിശ്വസിക്കാന്‍ പറ്റിയതാണെന്നും നിങ്ങള്‍ ചാമ്പ്യന്‍മാരെ വിശ്വസിക്കാന്‍ തയാറാകണമെന്നും പോണ്ടിങ് ഓസ്‌ട്രേലിയയെ ഓര്‍മിപ്പിച്ചു.

പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ തോല്‍വി അറിയാത്ത ഓസ്ട്രേലിയ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയോട് 295 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി. ഇന്ത്യ 1-0ന് ലീഡും നേടി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ 150 റണ്‍സിന് ഓസിസ് പുറത്താക്കിയിരുന്നു.

പിന്നീടിറങ്ങിയ ഓസിസിനെ 104ല്‍ ഒതുക്കാനും ഇന്ത്യക്കു കഴിഞ്ഞു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 487 റണ്‍സ് നേടി വമ്പന്‍ തിരിച്ചുവരവ് നടത്തി. 534 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ കങ്കാരു പടയ്ക്ക് തോല്‍വി ഏറ്റുവാങ്ങന്‍ അല്ലാതെ ഇന്ത്യക്ക് മുന്‍മ്പില്‍ മറ്റൊന്നും ചെയ്യാന്‍ സാധിച്ചില്ല. 238ന് ഓസിസ് പുറത്തായി.

ഡിസംബര്‍ 6ന് ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസിസ് മാനേജ്മെന്റ് ഇലവനില്‍ മാറ്റം കൊണ്ടുവരില്ലെന്നാണ് പോണ്ടിങ് പ്രതീക്ഷിക്കുന്നത്.

‘നിങ്ങള്‍ ചാമ്പ്യന്മാരായ കളിക്കാരില്‍ വിശ്വാസം പ്രകടിപ്പിക്കണം, അവരുടെ കഴിവ് തെളിയിക്കാന്‍ അടുത്ത മത്സരത്തില്‍ സാധിക്കുമെന്ന് ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു,’ ഐ.സി.സി റിവ്യൂവിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ സംസാരിക്കുമ്പോള്‍ പോണ്ടിങ് പറഞ്ഞു.

രണ്ടാം ടെസ്റ്റില്‍ മാറ്റങ്ങളൊന്നും വരുത്താനുള്ള സാധ്യത ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും കോച്ച് ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡും ശക്തമായി നിഷേധിച്ചിരുന്നു. എന്നിരുന്നാലും, പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഓസിസ് ടീം.

ഓസ്‌ട്രേലിയന്‍ സ്‌ക്വാഡ്

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലാബുഷാന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, നഥാന്‍ മക്സ്വീനി, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍

ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍

Content Highlight: Rickey Ponting Talking About Australian Playing Eleven

We use cookies to give you the best possible experience. Learn more