സ്‌കൈ സ്‌പോര്‍ട്‌സില്‍ നാസര്‍ ഹുസൈനും റിക്കി പോണ്ടിങ്ങും തമ്മില്‍ ഒരു അഭിമുഖം നടന്നിരുന്നു. നിലവില്‍ ഏത് ഫേവറേറ്റ് താരത്തിന്റെ പ്രകടനം കാണാനാണ് ഇഷ്ടമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റിക്കി പോണ്ടി.
ഒരു പാട് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം കാണാന്‍ തനിക്ക് ഇഷ്ടമാണെന്ന് പോണ്ടിങ് മറുപടി പറഞ്ഞു. ശുഭ്മന്‍ ഗില്‍, റിഷബ് പന്ത് വിരാട് എന്നിങ്ങനെ മികച്ച താരങ്ങളെ എടുത്ത് പറയാമെങ്കിലും ടി-20യില്‍ സഞ്ജു സാംസന്റെ പ്രകടനം താന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്നാണ് പോണ്ടിങ് പറഞ്ഞത്.
‘ നിലവില്‍ ഒരുപാട് ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനം കാണാന്‍ എനിക്ക് വലിയ ഇഷ്ടമാണ്. ശുഭ്മന്‍ ഗില്‍, റിഷബ് പന്ത്, വിരാട് തുടങ്ങിയ ഒരുപാട് താരങ്ങളെ നിങ്ങള്‍ക്ക് മെന്‍ഷന്‍ ചെയ്യാം, എന്നാല്‍ ടി-20യില്‍ സഞ്ജു സാംസനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അവന്റെ ബാറ്റിങ് വളരെയധികം മികച്ചതാണ്,’ പോണ്ടിങ് പറഞ്ഞു.
അടുത്തിടെ ബംഗ്ലാദേശിനെതിരായ ടി-20യില്‍ സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. 47 പന്തില്‍ നിന്ന് 11 ഫോറും എട്ട് സിക്സും ഉള്‍പ്പെടെ 111 റണ്‍സാണ് താരം നേടിയത്. താരത്തിന്റെ ടി-20 കരിയറിലെ ആദ്യ സെഞ്ച്വറിയാണ് ബംഗ്ലാദേശിനെതിരെ അടിച്ചെടുത്തത്. മിന്നും പ്രകടനത്തില്‍ നിരവധി റെക്കോഡുകള്‍ സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരം, ടി-20യില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ടി-20യില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പര്‍ എന്നിങ്ങനെ പല റെക്കോഡുകളും വാരിക്കൂട്ടാന്‍ സഞ്ജുവിന് സാധിച്ചു.
ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 2015ല്‍ അരങ്ങേറ്റം നടത്തിയ സഞ്ജു 33 മത്സരങ്ങളിലെ 29 ഇന്നിങസില്‍ നിന്ന് 594 റണ്‍സാണ് നേടിയത്. 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ അടക്കമാണ് താരം മിന്നും പ്രകടനം നടത്തിയത്. 56.7 ആവറേജും 144.52 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.