|

കേമനാര്, ബുംറയോ അതോ ഷഹീനോ? ഓസീസ് ലെജന്‍ഡിന്റെ പക്കല്‍ ഉത്തരമുണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

നിലവില്‍ ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ബൗളര്‍മാരാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും പാകിസ്ഥാന്‍ സ്പീഡ്സ്റ്റര്‍ ഷഹീന്‍ ഷാ അഫ്രിദിയും. പേസിന്റെ കാര്യത്തിലായാലും ആക്യുറസിയുടെ കാര്യത്തിലായാലും ഇരുവരും ഒന്നിനൊന്ന് മെച്ചമാണ്.

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പോലെയും പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെ പോലെയും ഇരുവരെയും തമ്മില്‍ താരതമ്യപ്പെടുത്താറുമുണ്ട്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒരേ സമയം ആക്രമിക്കുകയും സ്ഥിരത പുലര്‍ത്തുകയും ചെയ്യുന്ന ബുംറയും അഫ്രിദിയും അവരവരുടെ ടീമിന്റെ ബൗളിങ് സ്പിയര്‍ ഹെഡ്ഡുകളാണ്.

ഇരുവരുടെയും ട്രാക്ക് റെക്കോഡുകളും ഏതാണ്ട് ഒരു പോലെയാണെന്നതിനാല്‍ തന്നെ ഇരുവര്‍ക്കുമിടയില്‍ നിന്നും മികച്ച ഒരു താരത്തെ കണ്ടെത്തുക എന്നത് അസാധ്യമായ കാര്യമാണ്.

കുട്ടി ക്രിക്കറ്റില്‍ ഇരുവരും കട്ടക്ക് കട്ട തന്നെയാണ്. 58 അന്താരാഷ്ട്ര ടി-20 മത്സരം കളിച്ച ബുംറ 69 വിക്കറ്റുകള്‍ തന്റെ പേരിലാക്കിയപ്പോള്‍ 40 മത്സരത്തില്‍ നിന്നും 47 ബാറ്റര്‍മാരെയാണ് ഷഹീന്‍ മടക്കിയത്.

ന്യൂ ബോളിലും ഡെത്ത് ഓവറുകളിലും സ്‌പെഷ്യലിസ്റ്റുകളായ ഇവര്‍ ഏതൊരു ബാറ്ററെയും വിറപ്പിക്കാന്‍ പോന്നവരാണ്.

ഇതിനിടെയാണ് ഇവരില്‍ നിന്നും മികച്ച താരം ആരാണെന്ന ചോദ്യത്തിന് മുന്‍ ഓസീസ് ക്യാപ്റ്റനും ക്രിക്കറ്റ് ലെജന്‍ഡുമായ റിക്കി പോണ്ടിങ് ഇത്തരം നല്‍കുന്നത്.

‘എങ്ങനെയാണ് ഇവരില്‍ നിന്നും മികച്ച ഒരു ബൗളറെ തെരഞ്ഞെടുക്കുക. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ഇവരാണ് ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാര്‍,’ റിക്കി പോണ്ടിങ് പറയുന്നു.

ഇവരില്‍ നിന്നും ഒരാളെ മാത്രം തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ബുംറയെയാണ് ഓസീസിനെ പലതവണ ലോകകിരീടം ചൂടിച്ച പോണ്ടിങ് തെരഞ്ഞെടുക്കുന്നത്.

‘ഞാന്‍ പരിചയ സമ്പന്നനായ ബുംറയെ ആണ് തെരഞ്ഞെടുക്കുക. അവന്‍ ഓസ്‌ട്രേലിയയില്‍ കൂടുതല്‍ മത്സരം കളിച്ചിട്ടുണ്ട്. ഷഹീനെക്കാളും കൂടുതല്‍ ഗ്ലോബല്‍ ഇവന്റുകള്‍ കളിച്ചതും ബുംറ തന്നെയാണ്,’ താരം പറയുന്നു.

ഇരുതാരങ്ങളും പരിക്കിന്റെ പിടിയിലായതിനെ തുടര്‍ന്ന് 2022 ഏഷ്യാ കപ്പ് കളിച്ചിരുന്നില്ല. ഇരുവരുടെയും അഭാവം ടൂര്‍ണമെന്റില്‍ ഇന്ത്യയെയും പാകിസ്ഥാനെയും സാരമായി തന്നെ ബാധിച്ചിരുന്നു.

എന്നാല്‍ ടി-20 ലോകകപ്പിന് മുമ്പ് ആരോഗ്യവും ഫിറ്റ്‌നെസ്സും വീണ്ടെടുത്ത ഇരുവരും ടി-20 ലോകകപ്പില്‍ വീണ്ടും കണ്ടുമുട്ടും. ഒക്ടോബര്‍ 23ന് ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തില്‍ തീര്‍ക്കാന്‍ ബാക്കിവെച്ച പല കണക്കുകളും കൊണ്ടാവും ബുംറയും അഫ്രിദിയും മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കാലെടുത്ത് വെക്കുക.

content highlight: Rickey Ponting names better bowler between Jasprit Bumrah and Shaheen Shah Afridi