I rebel therefore we exist (Albert Camus)
ഒരുതുണ്ട് ഭൂമിയുടെ അധികാരംപോലും നേടാനാകാതെ ലോകത്തിന്റെ ഏതോ മൂലയില്‍ ജീവിക്കുന്ന മനുഷ്യര്‍, കോര്‍പ്പറേറ്റുകളോടും യന്ത്രങ്ങളോടും മത്സരിച്ച് ദയനീയമായി പരാജയപ്പെടുന്ന മനുഷ്യര്‍, വീണ്ടും വീണ്ടും തോറ്റുപോകുന്ന മത്സരത്തില്‍ തളര്‍ന്ന് വീഴുമ്പോഴും പിടഞ്ഞെഴുന്നേറ്റ് ഒരിക്കല്‍ക്കൂടി പൊരുതാന്‍ അവരെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും.
ഇരുളറകളില്‍ പൂട്ടിയിടപ്പെടുമ്പോഴും ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന വെളിച്ചമാണ് വീണ്ടും കുതറി നോക്കാനുള്ള അവരുടെ ഉല്‍പ്രേരകം എന്ന് നിസംശയം പറയാം. കുടിയിറക്കപ്പെടുമ്പോഴും അതിജീവനത്തിനുള്ള പാതകള്‍ തിരയുന്ന മനുഷ്യരുടെ കഥയാണ് റിക്ടര്‍ സ്‌കെയില്‍ 7.6 എന്ന സിനിമ.
പ്രശസ്ത ദളിത് ചിന്തകനും ആക്ടിവിസ്റ്റുമായ സൂര്‍ജ് യാങ്ങഡെ അദ്ദേഹത്തിന്റെ ‘കാസ്റ്റ് മാറ്റേഴ്‌സ്’ എന്ന പുസ്തകത്തില്‍ പ്രസക്തമായ ഒരു നിരീക്ഷണം നടത്തുന്നുണ്ട്. ദളിത് സ്‌നേഹം എന്ന തലക്കെട്ടിലാണ് പ്രസ്തുത നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
നൂറ്റാണ്ടുകള്‍ നീളുന്ന അരികുവത്കരണത്തിന്റെയും കൊടിയ പീഡനത്തിന്റെയും ഇരകളായി മാറുമ്പോഴും ദളിത് സമൂഹം എങ്ങനെയാണ് സഹിഷ്ണുതയോടെ നിലനില്‍ക്കുന്നത് എന്നതാണ് സൂര്‍ജ് ഉയര്‍ത്തുന്ന ചോദ്യം.
അതിന്റെ ഉത്തരം ഇപ്രകാരമാണ്. ദളിത് മുത്തശ്ശിമാര്‍ അവരുടെ പേരക്കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് വെറുപ്പിന്റെയോ പ്രതികാരത്തിന്റെയോ പാഠങ്ങളല്ല, മറിച്ച് സ്‌നേഹത്തിന്റെ മന്ത്രമാണ്. ദളിത് സ്‌നേഹം സമുദായത്തിനുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. തന്നെ നിരന്തരം ആക്രമിക്കുന്ന സമൂഹത്തെ മാത്രമല്ല മണ്ണിനെയും മരത്തെയും പ്രകൃതിയെയും അവര്‍ നിര്‍വാജ്യം സ്‌നേഹിക്കുന്നു. അങ്ങനെ ലോകം നിലനില്‍ക്കുന്നു.
റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തുന്ന ഭൂചലനം അതിഭീരമായിരിക്കും. മനുഷ്യനെയും മറ്റു ജീവികളെയും ഭൂമിയില്‍നിന്നും മായ്ച്ചുകളയാന്‍ കഴിവുള്ള അത്തരം ഭൂചലനങ്ങളെപ്പോലെ ഭീകരമാണ് ഭൂമിക്ക് മേലുള്ള മാഫിയ ഇടപെടലുകള്‍. ഇവിടെ വേരറ്റ് വീഴുന്നത് മരങ്ങള്‍ മാത്രമല്ല ഭൂമിയിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍കൂടിയാണ്.
ഇത്തരം പാരിസ്ഥിതിക പ്രശ്‌നങ്ങളെയാണ് സിനിമ ഫോക്കസ് ചെയ്യുന്നത്. ഒപ്പം ദളിത് ജീവിതങ്ങളുടെ മുമ്പൊരിക്കലും കാണാത്ത അനുഭവ ലോകത്തേക്കുകൂടി പ്രേക്ഷകന്‍ കടന്നുചെല്ലേണ്ടതുണ്ട്. ഭ്രാന്തിന്റെ വേലിയേറ്റങ്ങളിലും അവര്‍ കാണുന്ന സ്വപ്നങ്ങളില്‍ പാടവും വരമ്പും തോടും ഒറ്റാലും പുഴമീനുകളുമൊക്കെയാണ്.
നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഒറ്റമുറി വീടിന്റെ ഉള്ളില്‍ ഇത്തരം മതിഭ്രമങ്ങള്‍ അവര്‍ക്ക് പ്രതീക്ഷയും ആശ്വാസവുമാണ്. അവസാനത്തെ തരി മണ്ണും കാര്‍ന്നെടുക്കപ്പെടുമ്പോഴും, അവസാനത്തെ പുഴയും വറ്റിവരണ്ടുപോകുമ്പോഴും മുറ്റത്ത് വീണ്ടുമൊരു മരം നടാനും വെള്ളമൊഴിച്ച് അതിന്റെ വളര്‍ച്ച കാത്തിരിക്കാനും ഒരു മനുഷ്യന് ക്ഷമ മാത്രം പോര , അസാമാന്യ സ്‌നേഹവും വേണം. സിനിമ കാണിച്ചു തരുന്നത് ദളിത് സൈക്കോളജിയുടെ ഇത്തരം ഉള്ളറകള്‍ കൂടിയാണ്.
പരസ്പരം വഴക്കിടുമ്പോള്‍ മാത്രം ശബ്ദം ഉയരുകയും സ്‌നേഹിക്കുമ്പോള്‍ നിശബ്ദരാകുകയും ചെയ്യുന്ന മനുഷ്യ പ്രകൃതിയുടെ ഉദാഹരണമാണ് സിനിമയിലെ അച്ഛനും മകനും. രണ്ട് പുരുഷന്മാര്‍ മാത്രം താമസിക്കുന്ന വീട് ‘ദ മലയ് മാന്‍ ആന്‍ഡ് ഹിസ് ചൈനീസ് ഫാദര്‍ ‘ എന്ന സിംഗപ്പൂര്‍ നാടകത്തിലെ അച്ഛനെയും മകനെയും അവരുടെ ഏകാന്തത നിറഞ്ഞ വീടിനെയും ഓര്‍മിപ്പിക്കുന്നു.