എം.പി മാരിലെ ഏറ്റവും വലിയ കോടീശ്വരൻ മന്ത്രിസഭയിലേക്ക്
India
എം.പി മാരിലെ ഏറ്റവും വലിയ കോടീശ്വരൻ മന്ത്രിസഭയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th June 2024, 11:59 am

അമരാവതി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഏറ്റവും വലിയ ധനികന്‍ മൂന്നാം എന്‍.ഡി.എ സര്‍ക്കാറിലെ മന്ത്രിസഭയിലേക്ക്. ആന്ധ്രപ്രദേശിലെ ഗൂണ്ടൂരില്‍ നിന്ന് വിജയിച്ച ടി.ഡി.പി. എം.പി ചന്ദ്രശേഖര്‍ പെമ്മസാനിയാണ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.

ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ടി.ഡി.പി മന്ത്രിമാരില്‍ രണ്ടാമനാണ് പെമ്മാസാനി. പെമ്മസാമിയാണ് ഈ ലോക്‌സഭയിലെ ഏറ്റവും വലിയ ധനികനായ എം.പി. 5700 കോടിയിലധികമാണ് പെമ്മസാനിയുടെ ആസ്തി.

പെമ്മസാനിയുടെ സ്വത്ത് 2,448.72 കോടിയാണെന്നും ഭാര്യയുടെ ആസ്തി 2,343.78 കോടിയാണെന്നും മക്കളുടെ കൈവശം 1000 കോടിയുടെ ആസ്തിയുണ്ടെന്നുമാണ് അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ഗുണ്ടൂരില്‍ നിന്നും വിജയിച്ചത്.

ഡോക്ടര്‍, സംരംഭകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന പെമ്മസാനി 2010ലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 2010 മുതല്‍ ടി.ഡി.പിയുടെ എന്‍.ആര്‍.ഐ ഘടകത്തിന്റെ നേതാവായണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. 2014ല്‍ നസറോപെട്ട മണ്ഡലത്തില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അന്ന് പക്ഷെ അദ്ദേഹത്തിന് സീറ്റ് ലഭിച്ചിരുന്നില്ല.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ ലോക്‌സഭയിലേക്ക് മത്സരിച്ച രണ്ടാമത്തെ ധനിക സ്ഥാനാര്‍ത്ഥിയായിരുന്നു ചന്ദ്രശേഖര്‍ പെമ്മസാനി. 2014ല്‍ കര്‍ണാടകയിലെ ബെംഗളൂരു സൗത്തില്‍ മത്സരിച്ച ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ നന്ദന്‍ നിലകേനിയായിരുന്നു ഒന്നാമത്തെ ധനികനായ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു അദ്ദേഹം മത്സരിച്ചത്.

തെലങ്കാനയിലെ ചൊവ്വെല്ല മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കൊണ്ട വിശ്വേശ്വര്‍ റെഡിയാണ് നിലവിലെ ലോക്‌സഭയിലെ രണ്ടാമത്തെ ധനികന്‍ 4,568 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.

 

 

 

Content Highlight: richest MP of TDP