ഇന്ത്യയില്‍ സാമ്പത്തിക അസമത്വം വര്‍ധിക്കുന്നു; ഒരുശതമാനം ധനികരുടെ പക്കലുള്ളത് രാജ്യത്തിന്റെ 58 ശതമാനം സമ്പത്തെന്ന് റിപ്പോര്‍ട്ട്
national news
ഇന്ത്യയില്‍ സാമ്പത്തിക അസമത്വം വര്‍ധിക്കുന്നു; ഒരുശതമാനം ധനികരുടെ പക്കലുള്ളത് രാജ്യത്തിന്റെ 58 ശതമാനം സമ്പത്തെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th June 2019, 6:57 pm

ന്യൂദല്‍ഹി: രാജ്യത്ത് കടുത്ത സാമ്പത്തിക അസമത്വമാണു നിലനില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും ധനികരായ ഒരുശതമാനം ആളുകളുടെ പക്കലുള്ളത് രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ 58.4 ശതമാനമാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഓക്‌സ്ഫഡ് സര്‍വകലാശാല പ്രസ്സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് തിങ്കളാഴ്ച പ്രകാശനം ചെയ്തത്.

2000-2017 കാലയളവിനുള്ളില്‍ ഈ സാമ്പത്തിക അസമത്വത്തിന്റെ വളര്‍ച്ച ആറു മടങ്ങാണെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. ‘ഇന്ത്യ സോഷ്യല്‍ റിപ്പോര്‍ട്ട്: റൈസിങ് ഇനീക്വാലിറ്റീസ്’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത് ദല്‍ഹിയും ഹൈദരാബാദും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഓഫ് സോഷ്യല്‍ ഡെവലപ്‌മെന്റ് (സി.എസ്.ഡി) എന്ന ഗവേഷക സംഘടനയാണ്.

രാജ്യത്തെ ഏറ്റവും ധനികരായ 10 ശതമാനം ആളുകളുടെ കൈയിലാണു രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ 80.7 ശതമാനവുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏറ്റവും ധനികരായ ഒരു ശതമാനത്തിന്റെ കൈയില്‍ എണ്‍പതുകളില്‍ ഉണ്ടായിരുന്നത് കേവലം ആറു ശതമാനം സ്വത്താണെങ്കില്‍, 2015 ആയപ്പോഴേക്കും രാജ്യത്തെ സമ്പത്തിന്റെ 22 ശതമാനമായി അതു വര്‍ധിച്ചു.

സാമ്പത്തിക വളര്‍ച്ചയില്‍ നിന്നു വ്യത്യസ്തമായി കാണേണ്ടതല്ല, സാമ്പത്തിക അസമത്വമെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുതന്നെയേ ദാരിദ്ര്യം കുറയ്ക്കാനുള്ള പരിഹാരം കണ്ടെത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികവിദഗ്ധരും സാമൂഹിക ശാസ്ത്രജ്ഞരും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 22 അധ്യായങ്ങളാണുള്ളത്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ ഡി. നരസിംഹ റെഡ്ഢി, സി.എസ്.ഡി പ്രൊഫസര്‍ ടി. ഹഖ് എന്നിവരാണ് റിപ്പോര്‍ട്ട് എഡിറ്റ് ചെയ്തിരിക്കുന്നത്. മേഖലാടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

കാര്‍ഷികമേഖലയില്‍ ജോലി ചെയ്യുന്നവരേക്കാള്‍ മറ്റു മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആറും ഏഴും മടങ്ങ് വരുമാനമുണ്ടെന്നും അതില്‍ കണ്ടെത്തിയിട്ടുണ്ട്. ബിഹാര്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണിത്. രാജ്യത്തുടനീളമുള്ള കണക്കില്‍പ്പോലും ഇത് അഞ്ചുമടങ്ങ് കൂടുതലാണ്.

അതേസമയം സാമ്പത്തിക അസമത്വം കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമുണ്ട്. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, സിക്കിം എന്നിവയാണ് കേരളത്തോടൊപ്പം ഇതില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. അതേസമയം, ഗോവ, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, ഒഡിഷ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ പിന്നിലാണ്.