മുതുകിൽ നെയ്മറുടെ ചിത്രം പച്ചകുത്തി റിച്ചാർലിസൺ; മായ്ക്കാൻ പണം അയച്ച് നെയ്മർ; റിപ്പോർട്ട്
Football
മുതുകിൽ നെയ്മറുടെ ചിത്രം പച്ചകുത്തി റിച്ചാർലിസൺ; മായ്ക്കാൻ പണം അയച്ച് നെയ്മർ; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th December 2022, 12:58 pm

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫേവറൈറ്റ്‌സുകളായിരുന്നു ബ്രസീൽ. ഖത്തറിൽ ലോകകിരീടം ചൂടാൻ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ടീം പക്ഷെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റ്‌ പുറത്ത് പോകുകയായിരുന്നു.

തോൽവിക്ക് ശേഷം ബ്രസീലിന്റെ പരിശീലകൻ ടിറ്റെ പരിശീലക സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. കഴിഞ്ഞ തവണത്തെ കോപ്പ അമേരിക്കയിലും ബ്രസീൽ അർജന്റീനക്ക് മുമ്പിൽ പരാജയം രുചിച്ചിരുന്നു.

എന്നാൽ ബ്രസീൽ ടീമിൽ നിന്നും കൗതുകകരമായ ചില വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുകയാണ് വിവിധ മാധ്യമങ്ങൾ.

ലോകകപ്പിലെ പരാജയത്തിന് ശേഷം ബ്രസീലിന്റെയും ടോട്ടൻഹാം ഹോട്സ്പറിന്റെയും ഫോർവേഡ് ആയ റിച്ചാർലിസൺ തന്റെ മുതുകിൽ തന്റെയും, നെയ്മറിന്റെയും, റൊണാൾഡോ നസാരി യോയുടെയും ചിത്രങ്ങൾ പച്ച കുത്തിയിരുന്നു. കൂടാതെ ബ്രസീൽ പതാകയും അദ്ദേഹം തന്റെ മുതുകിൽ പച്ച കുത്തി.

ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് നിരവധി അഭിപ്രായപ്രകടങ്ങൾ ആരാധകർ സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചിരുന്നു.
സ്വന്തം മുഖം പച്ച കുത്തുന്നത് റിച്ചാർലിസണിന്റെ സ്വാതന്ത്രമാണെന്നും എന്നാൽ അതിലേക്ക് നെയ്മറെയും, റൊണാൾഡോയെയും വലിച്ചിഴക്കുന്നത് ശരിയല്ലെന്നുമുള്ള തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന് വന്ന പ്രതികരണങ്ങൾ.

നെയ്മർക്കും റിച്ചാർലിസണിന്റെ പ്രവർത്തി ഇഷ്ടപ്പെട്ടില്ലെന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാലിപ്പോൾ നെയ്മർ റിച്ചാർലിസണിന് അദേഹത്തിന്റെ ദേഹത്ത് നിന്നും തന്റെ ചിത്രം നീക്കം ചെയ്യാനായി 30000 യൂറോ നൽകി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഗ്ലോബൽ സ്‌പോർട് അടക്കം വാർത്ത റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

25കാരനായ സ്പേഴ്സ് താരം മൂന്ന് ഗോളുകളാണ് ബ്രസീലിനായി ലോകകപ്പിൽ നിന്നും സ്വന്തമാക്കിയത്. അതിൽ തന്നെ രണ്ട് ഗോളുകളും സെർബിയക്കെതിരെയുള്ള മത്സരത്തിലാണ് റിച്ചാർലിസൺ നേടിയത്.

നെയ്മറിന്റെയും റൊണാൾഡോ നസാരിയോയുടെയും വലിയ ആരാധകൻ കൂടിയായ റിച്ചാർലിസൺ ഡിസംബർ 26ന് തുടങ്ങാനിരിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ സീസണായി ഉടൻ തന്നെ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും എന്നാണ് റിപ്പോർട്ടുകൾ.

Content Highlights:Richarlison tattooed Neymar’s picture on his back; Neymar sent money to remove it;Report