| Thursday, 1st February 2024, 10:40 am

ടോട്ടൻഹാമിലെ ബ്രസീലിയൻ തരംഗം; യൂറോപ്പിൽ ഒന്നാമൻ 

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിന് ആവേശകരമായ വിജയം. ബ്രെന്റ്‌ഫോര്‍ട്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സ്പര്‍സ് പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ടോട്ടന്‍ഹാമിനായി ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് ബ്രസീലിയന്‍ സൂപ്പര്‍താരം റിച്ചാര്‍ലിസണ്‍ നേടിയത്. ഇതിനുപിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ബ്രസീലിയന്‍ താരം സ്വന്തം പേരിലാക്കിമാറ്റി.

യൂറോപ്യന്‍ ടോപ് ഫൈവ് ലീഗില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ബ്രസീലിയന്‍ താരം എന്ന നേട്ടമാണ് റിച്ചാര്‍ലിസണ്‍ സ്വന്തമാക്കിയത്. എട്ട് ഗോളുകളാണ് ബ്രസീലിയന്‍ താരം നേടിയത്.

റിച്ചാര്‍ലിസന് പുറകില്‍ ഏഴ് ഗോളുകളുമായി റയല്‍ മാഡ്രിഡ് താരം റോഡ്രിഗോയും ബ്രൈറ്റണിന്റെ ജാവോ പെഡ്രൊയുമാണുള്ളത്.

യൂറോപ്യന്‍ ടോപ് ഫൈവ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം, ഗോളുകളുടെ എണ്ണം എന്നീ ക്രമത്തില്‍

റിച്ചാര്‍ലിസണ്‍-8

റോഡ്രിഗോ-7

ജാവോ പെഡ്രൊ-7

വിനീഷ്യസ് ജൂനിയര്‍-6

വില്ലിയന്‍ ജോസ്-6

മാത്യൂസ് കുന്‍ഹ-6

ഡഗ്ലസ് ലൂയിസ്-6

ടോട്ടന്‍ഹാമിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ആതിഥേയര്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 3-5-2 എന്ന ശൈലിയായിരുന്നു സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.

ഡെസ്റ്റിനി ഉഡോകിയോ (48), ബ്രന്നന്‍ ജോണ്‍സണ്‍ (49), റിച്ചാര്‍ലിസണ്‍ (56) എന്നിവരാണ് ടോട്ടന്‍ഹാമിന്റെ ഗോളുകള്‍ നേടിയത്. നീല്‍ മൗപായ് (15), ഇവാന്‍ ടോണി(67) എന്നിവരായിരുന്നു ബ്രെന്റ്‌ഫോര്‍ട്ടിന്റെ ഗോളുകള്‍ നേടിയത്.

ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 22 മത്സരങ്ങളില്‍ നിന്നും 13 വിജയവും നാല് സമനിലയും അഞ്ച് തോല്‍വിയും അടക്കം 43 പോയിന്റുമായി നാലാം സ്ഥാനത്താണ് സ്പര്‍സ്.

പ്രീമിയര്‍ ലീഗില്‍ ഫെബ്രുവരി മൂന്നിന് എവര്‍ട്ടണിനെതിരെയാണ് ടോട്ടന്‍ഹാമിന്റെ അടുത്ത മത്സരം. എവര്‍ട്ടണിന്റെ തട്ടകമായ ഗൂഡിസണ്‍ പാര്‍ക്ക് സ്റ്റേഡിയമാണ് വേദി.

Content Highlight: Richarlison great performance in Europe top five league.

We use cookies to give you the best possible experience. Learn more