|

ബൈസിക്കിള്‍ കിക്കുമായി റിച്ചാര്‍ലിസണ്‍; സെര്‍ബിയന്‍ പ്രതിരോധ കോട്ട തകര്‍ത്ത് കാനറികളുടെ വിജയഗാഥ

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീലിയന്‍ ഫുട്ബോളിന്റെ സൗന്ദര്യം നിറഞ്ഞുനിന്ന പോരാട്ടത്തിനായിരുന്നു ഖത്തറിലെ ലുസൈല്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സെര്‍ബിയയെ വീഴ്ത്തി കാനറികള്‍ ലോകകപ്പില്‍ പടയോട്ടം ആരംഭിച്ചിരിക്കുകയാണ്.

കാല്‍പന്ത് കളത്തില്‍ മായാജാലം തീര്‍ത്ത കാനറികളുടെ മാന്ത്രികന്‍ റിച്ചാര്‍ലിസണ്‍ ആണ് രണ്ട് തവണയും വല കുലുക്കിയത്. കിടിലന്‍ ബൈസിക്കിള്‍ കിക്കിലൂടെ സെര്‍ബിയന്‍ വലയിലേക്ക് റിച്ചാര്‍ലിസണ്‍ പായിച്ച ഗോള്‍ ബ്രസീല്‍ ഇതര ടീമുകളുടെയും പ്രശംസ പിടിച്ച് പറ്റുന്നതായിരുന്നു.

ആക്രമണത്തിലും ഡിഫന്‍ഡിങ്ങിലും സെര്‍ബിയ ഒട്ടും പുറകിലായിരുന്നില്ല. ആദ്യ പകുതിയുടെ അവസാനം വരെ കിരീട ഫേവറിറ്റുകളായ ബ്രസീലിന്റെ ഒരു ഗോളുപോലും വലയിലാക്കാന്‍ സെര്‍ബിയന്‍ പട അനുവദിച്ചിരുന്നില്ല.

റാഫിഞ്ഞ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം പാഴാക്കുന്നത് കണ്ടാണ് രണ്ടാം പകുതി ആരംഭിച്ചത്. സെര്‍ബിയന്‍ ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നായിരുന്നു തുടക്കം.

മിലിങ്കോവിച്ചിന്റെ പാസ് ബോക്സിന് തൊട്ടുപുറത്ത് നില്‍ക്കുകയായിരുന്നു ഗുഡേലിന്‍. എന്നാല്‍ ഓടിയടുത്ത റാഫിഞ്ഞ പന്ത് തട്ടിയെടുത്തെങ്കിലും അവസരം മുതലാക്കാനായില്ല.

51ാം മിനിട്ടില്‍ നെയ്മറുടെ ഫ്രീകിക്ക് ഗോള്‍ പോസ്റ്റില്‍ തട്ടി പുറത്തേക്ക് തെറിക്കുകയായിരുന്നു. 54ാം മിനിട്ടില്‍ റാഫിഞ്ഞയുടെ കാലടികളിലേക്ക് വീണ്ടും ബോള്‍ പാഞ്ഞെത്തി. എന്നാല്‍ സെര്‍ബിയന്‍ പതിരോധതാരം പാവ്ലോവിച്ചിന്റെ ഇടപെടലില്‍ ഗോള്‍ അലക്ഷ്യമായി.

55ാം മിനിട്ടില്‍ വിനിഷ്യസിന്റെ ക്രോസില്‍ നെയ്മര്‍ സെര്‍ബിയന്‍ വല ലക്ഷ്യം വെച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പന്ത് അകന്നു പോവുകയുമായിരുന്നു.

ആക്രമണങ്ങള്‍ക്ക് ഉത്തരമില്ലാതെ വന്നപ്പോള്‍ ഗ്രൂപ്പ് ജിയില്‍ സെര്‍ബിയ അടിയറവ് പറഞ്ഞു. ഗ്രൂപ്പില്‍ ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലാന്‍ഡ്, കാമറൂണിനെ തോല്‍പ്പിച്ചിരുന്നു. ബ്രസീലാണ് ഗ്രൂപ്പില്‍ ഒന്നാമത്.

Content Highlights: Richarlison getting it done for Brazil, defeated Serbians for 2 goals