ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിന് തകര്‍പ്പന്‍ ജയം. നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ടോട്ടന്‍ഹാം പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ സ്പര്‍സിന്റെ ബ്രസീലിയന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ റിച്ചാര്‍ലിസന്‍ ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് റിച്ചാര്‍ലിസന്‍ സ്വന്തം പേരിലാക്കിയത്.
ടോട്ടന്‍ഹാമിന്റെ മുന്‍ വെയില്‍സ് സൂപ്പര്‍ സ്ട്രൈക്കര്‍ ഗാരത് ബെയ്ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നേടിയ ഗോളുകളുടെയും അസിസ്റ്റുകളുടെയും ഒപ്പമെത്താന്‍ ബ്രസീലിയന്‍ താരത്തിന് സാധിച്ചു. 52 ഗോളുകളും 22 അസിസ്റ്റുകളുമാണ് റിച്ചാര്‍ലിസണ്‍ സ്വന്തമാക്കിയത്.
ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ റിച്ചാര്‍ലിസണ്‍ നേടുന്ന നാലാമത്തെ ഗോളായിരുന്നു ഇത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ആന്റണി, അലജാന്‍ഡ്രോ ഗാര്‍നാച്ചോ, റാസ്മസ് ഹോജ്‌ലണ്ട് എന്നിവര്‍ സംയുക്തമായി നേടിയ ഗോളുകള്‍ മറികടക്കാന്‍ റിച്ചാര്‍ലിസന് സാധിച്ചു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങള്‍ നേടിയ മൂന്ന് ഗോളുകളാണ് റിച്ചാര്‍ലിസണ്‍ മറികടന്നത്. ടോട്ടന്‍ഹാമിനായി തുടര്‍ച്ചയായ മത്സരങ്ങളില്‍ ആദ്യമായാണ് റിച്ചാര്‍ലിസന്‍ ഗോള്‍ നേടുന്നത്.
നോട്ടിങ്ഹാം ഫോറസ്റ്റിന്റെ ഹോം ഗ്രൗണ്ടായ സിറ്റി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലെ അവസാന മിനിട്ടില്‍ റിച്ചാര്‍ലിസന്‍ ആണ് സ്പര്‍സിന് ആദ്യ ലീഡ് നേടികൊടുത്തത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഡെജാന്‍ കുലുസെവ്‌സ്‌ക്കിയിലൂടെ ടോട്ടന്‍ഹാം രണ്ടാം ഗോള്‍ നേടി.
70ാം മിനിട്ടില്‍ വെസ് ബിസൗമ ചുവപ്പുകാർഡ് കണ്ടു പുറത്തായതോടെ ബാക്കിയുള്ള നിമിഷങ്ങളില്‍ പത്ത് പേരുമായാണ് ടോട്ടന്‍ഹാം കളിച്ചത്. എന്നാല്‍ ഈ അവസരം മുതലെടുക്കാന്‍ ആതിഥേയര്‍ക്ക് സാധിച്ചില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ടോട്ടന്‍ഹാം ജയം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ പ്രീമിയര്‍ ലീഗില്‍ 17 മത്സരങ്ങളില്‍ നിന്നും 33 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ടോട്ടന്‍ഹാം. കഴിഞ്ഞ അഞ്ചു മത്സരങ്ങളും വിജയിക്കാന്‍ സാധിക്കാതെ പോയ സ്പര്‍സിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമായിരുന്നു ഇത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഡിസംബര്‍ 23ന് എവര്‍ട്ടണിനെതിരെയാണ് ടോട്ടന്‍ഹാമിന്റെ അടുത്ത മത്സരം.
Content Highlight: Richarlison create new records in English premiere league.