| Tuesday, 9th January 2024, 8:53 am

ഇവനൊക്കെ ലോകകപ്പിലുണ്ടായിരുന്നെങ്കില്‍... സിംബാബ്‌വേയുടെ വിക്കറ്റ് ടേക്കിങ് മെഷീന്‍, 28ാം മാച്ചിലും നില്‍ക്കാതെ മുമ്പോട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

സിംബാബ്‌വേയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം കഴിഞ്ഞ ദിവസം ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്നിരുന്നു. പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചതോടെ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇരുവരും കളത്തിലിറങ്ങിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഷെവ്‌റോണ്‍സ് ക്രെയ്ഗ് ഇര്‍വിനിന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ 208 റണ്‍സ് നേടി. 102 പന്തില്‍ 82 റണ്‍സാണ് ഇര്‍വിന്‍ നേടിയത്. 37 പന്തില്‍ 31 റണ്‍സ് നേടിയ റയാന്‍ ബേളും 37 പന്തില്‍ 30 റണ്‍സ് നേടിയ ജോയ്‌ലോര്‍ഡ് ഗുംബിയുമാണ് സിംബാബ്‌വേ നിരയില്‍ സ്‌കോര്‍ ഉയര്‍ത്തിയത്.

ശ്രീലങ്കക്കായി മഹീഷ് തീക്ഷണ നാല് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ജനിത് ലിനാഗെയുടെ കരുത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. 127 പന്തില്‍ നിന്നും 95 റണ്‍സാണ് താരം നേടിയത്.

ഒടുവില്‍ ആറ് പന്തും രണ്ട് വിക്കറ്റും ശേഷിക്കെ ആതിഥേയര്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

സിംബാബ്‌വേക്കായി സൂപ്പര്‍ താരം റിച്ചാര്‍ഡ് എന്‍ഗരാവ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പത്ത് ഓവറില്‍ 32 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. കരിയറിലെ ആദ്യ ഏകദിന ഫൈഫറാണ് എന്‍ഗരാവ പ്രേമദാസയില്‍ നേടിയത്.

അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, സധീര സമരവിക്രമ, ചരിത് അസലങ്ക, മഹീഷ് തീക്ഷ്ണ എന്നിവരെ പുറത്താക്കിയാണ് എന്‍ഗരാവ ഫൈഫര്‍ പൂര്‍ത്തിയാക്കിയത്.

ഇതോടെ ഒരു മികച്ച നേട്ടവും താരത്തെ തേടിയെത്തിയിരിക്കുകയാണ്. സിംബാബ്‌വേക്കായി തുടര്‍ച്ചയായ മത്സരങ്ങളില്‍ വിക്കറ്റ് നേടുന്ന താരം എന്ന നേട്ടമാണ് എന്‍ഗരാവ സ്വന്തമാക്കിയത്. തുടര്‍ച്ചയായ 28ാം മത്സരത്തിലാണ് എന്‍ഗരാവയുടെ വിക്കറ്റ് നേട്ടം.

റിച്ചാര്‍ഡ് എന്‍ഗരാവയുടെ അവസാന 28 മത്സരത്തിലെ പ്രകടനം (ഏകദിനവും ടി-20യും)

2/39
1/49
2/14
2/21
3/11
2/24
3/17
1/20
6/6
1/18
2/15
1/42
1/35
2/60
2/25
2/40
4/43
1/20
2/44
1/54
1/40
1/32
2/20
1/44
2/18
2/24
5/32

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ സിംബാബ്‌വേക്ക് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. വരാനിരിക്കുന്ന ടി-20 ലോകകപ്പിലും സിംബാബ്‌വേ ഇല്ല. ഇക്കാരണത്താല്‍ തന്നെ എന്‍ഗരാവയുടെ മികച്ച പ്രകടനം ലോകത്തിന് മുമ്പില്‍ അധികം ചര്‍ച്ചയാകുന്നുമില്ല.

ഷെവ്‌റോണ്‍സിനായി 41 മത്സരത്തില്‍ പന്തെറിഞ്ഞ എന്‍ഗരാവ 55 വിക്കറ്റാണ് തന്റെ പേരില്‍ സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തില്‍ 32 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

അതേസമയം, ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ശ്രീലങ്ക 1-0ന് മുമ്പിലാണ്. പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയിച്ച് പരമ്പര സമനിലയിലാക്കാനാണ് സിംബാബ്‌വേ ഒരുങ്ങുന്നത്.

ജനുവരി 11നാണ് പരമ്പരയിലെ അവസാന ഏകദിനം. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയം തന്നെയാണ് വേദി. ഏകദിന പരമ്പരക്ക് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയും സിംബാബ്‌വേ ലങ്കയില്‍ കളിക്കും.

Content highlight: Richard Ngarava’s brilliant bowling performance for Zimbabwe

We use cookies to give you the best possible experience. Learn more