ആരും പേടിക്കേണ്ട ഇങ്ങേരല്ല 😌😌; ഫൈനലില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വസിക്കാന്‍ വകയേറെ
World Test Championship
ആരും പേടിക്കേണ്ട ഇങ്ങേരല്ല 😌😌; ഫൈനലില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വസിക്കാന്‍ വകയേറെ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 2nd June 2023, 8:11 am

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തിനായാണ് ക്രിക്കറ്റ് ലോകമൊന്നാകെ കാത്തിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ രണ്ട് വമ്പന്‍ ശക്തികളായ ഇന്ത്യയും ഓസ്‌ട്രേലിയയും പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍ ജയപരാജയങ്ങള്‍ അപ്രവചനീയമാണ്.

ശക്തമായ സ്‌ക്വാഡുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. വിരാടും പൂജാരയും അശ്വിനും ജഡേജയും ഷമിയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്കൊപ്പം ഗില്ലടക്കമുള്ള യുവതാരങ്ങളും ചേരുന്നതോടെ ടെസ്റ്റ് മെയ്‌സ് ഉയര്‍ത്താന്‍ ഇന്ത്യന്‍ നിര പൂര്‍ണസജ്ജമാണ് എന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

എന്നാല്‍ ആരാധകരെ ഞെട്ടിച്ച മറ്റൊരു സംഭവവുമുണ്ടായിരുന്നു. കളി നിയന്ത്രിക്കുന്നത് ഇംഗ്ലീഷ് അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോ ആണെന്ന റിപ്പോര്‍ട്ടുകളായിരുന്നു അവരെ ആശങ്കയിലാഴ്ത്തിയത്.

 

 

ആരാധകരെ ആശങ്കക്ക് പിന്നിലും കാര്യമുണ്ട്. 2014ന് ശേഷം കെറ്റില്‍ബെറോ കളി നിയന്ത്രിച്ച ഒറ്റ നോക്ക്ഔട്ട് മാച്ചിലും ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്നതുതന്നെയാണ് ഇതിന് കാരണവും. 2013ലാണ് ഇന്ത്യ അവസാനമായി ഒരു ഐ.സി.സി കിരീടം നേടിയത് എന്ന വസ്തുതയും ഇതിനൊപ്പം ചേര്‍ത്തുവെക്കുമ്പോഴാണ് കെറ്റില്‍ബെറോ ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് എത്രത്തോളം ‘അപകടകാരിയാണെന്ന്’ വ്യക്തമാവുക.

2014 ടി-20 ലോകകപ്പ് മുതല്‍ തുടങ്ങുകയായി ഇന്ത്യയുടെ നോക്ക് ഔട്ട് ഘട്ടത്തിലെ തോല്‍വികളും കെറ്റില്‍ബെറോയും തമ്മിലുള്ള ബന്ധം. ഫൈനലില്‍ മലിംഗയുടെ ശ്രീലങ്കയോട് തോറ്റ് കിരീടം നഷ്ടപ്പെടുത്തുമ്പോള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റിന് പിറകില്‍ കെറ്റില്‍ബെറോ ആയിരുന്നു.

 

 

കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങിയ 2015 ഏകദിന ലോകകപ്പിലും സ്വന്തം മണ്ണില്‍ വെച്ച് നടന്ന 2016ലെ ടി-20 ലോകകപ്പിലും കെറ്റില്‍ബെറോ ആയിരുന്നു അമ്പയര്‍. 2017 ചാമ്പ്യന്‍സ് ട്രോഫിയിലും കെറ്റില്‍ബെറോ തന്നെയായിരുന്നു കളി നിയന്ത്രിച്ചത്. 2019 ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ധോണി റണ്‍ ഔട്ടാകുമ്പോഴുള്ള കാറ്റില്‍ബെറോയുടെ മുഖഭാവം ഒരു ക്രിക്കറ്റ് ആരാധകനും മറക്കാനിടയില്ല.

ഇതോടെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കെറ്റില്‍ബെറോ വീണ്ടും വന്നേക്കുമോ എന്ന ഭയം ആരാധകര്‍ക്കിടയില്‍ ഉടലെടുത്തത്. എന്നാല്‍ ഫീല്‍ഡ് അമ്പയര്‍മാരെ പ്രഖ്യാപിച്ചപ്പോള്‍ ആ ആശങ്കക്ക് അല്‍പം അയവുവന്നിരുന്നു. ന്യൂസിലാന്‍ഡിലെ ക്രിസ് ഗഫാനിയും ഇംഗ്ലണ്ടിന്റെ റിച്ചാര്‍ഡ് ഇല്ലിങ്‌വെര്‍ത്തുമാണ് ഫൈനലില്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരായെത്തുന്നത്.

എന്നാല്‍ തേര്‍ഡ് അമ്പയറുടെ റോളിലേക്ക് കെറ്റില്‍ബെറോ വന്നേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇതോടെ ആരാധകര്‍ വീണ്ടും ആശങ്കയിലാണ്. 2019 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടപ്പോള്‍ ഫീല്‍ഡില്‍ ഇല്ലായിരുന്നെങ്കിലും മൂന്നാം അമ്പയറുടെ റോളില്‍ ഉണ്ടായിരുന്നത് കെറ്റില്‍ബെറോ തന്നെയായിരുന്നുവെന്നതാണ് അവരെ ആശങ്കപ്പെടുത്തുന്നത്.

പക്ഷേ ഇത്തരം അന്ധവിശ്വാസങ്ങളേക്കാളും ടീമിന്റെ ശക്തിയില്‍ വിശ്വസിക്കാനാണ് ഭൂരിഭാഗം ആരാധകരും ഇഷ്ടപ്പെടുന്നത്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചാല്‍ ഇന്ത്യ ടെസ്റ്റിന്റെ രാജാക്കന്‍മാരാകും എന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: Richard Kettlebrough will not be the on-field umpire for the World Championship Test Final