ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ വൈറ്റ് ബോള്‍ മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ മത്സരത്തിലെ മികവ് ഇന്ത്യന്‍ ടീം രണ്ടാം മത്സരത്തിലും ആവര്‍ത്തിച്ചപ്പോള്‍ ഇംഗ്ലണ്ട് മുട്ടുമടക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടും മധ്യനിരയും മാസ്മരിക പ്രകടനം നടത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 170ലെത്തി.
രോഹിത് ശര്‍മയും റിഷബ് പന്തും ഒന്നിന് പിന്നാലെ ഒന്നായി ബൗണ്ടറികളിച്ചുകൂട്ടി സ്‌കോറിങ്ങിന് വേഗം കൂട്ടിയപ്പോള്‍ ഇന്ത്യ ഒരുവേള 200 കടക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ആ കൂട്ടുകെട്ട് പൊളിഞ്ഞതോടെ മുന്‍നിര ചെറുതായി ഒന്ന് തപ്പിത്തടയുകയും പ്രതീക്ഷിച്ച സ്‌കോറിലേക്ക് എത്താന്‍ സാധിക്കാതെ വരികയുമായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്ര പരിചിതനല്ലാത്ത മുഖമായിരുന്നു ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ കശക്കിയെറിഞ്ഞത്. ഇംഗ്ലണ്ട് ജേഴ്‌സിയില്‍ തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കാനെത്തിയ റിച്ചാര്‍ഡ് ഗ്ലീസന് മുന്നില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ അസ്തമിക്കുകയായിരുന്നു.
തന്റെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ വീഴ്ത്തിക്കൊണ്ടായിരുന്നു ഗ്ലീസന്‍ ഇന്ത്യയെ ഞെട്ടിച്ചത്. 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുമായി കളം നിറഞ്ഞാടിയ രോഹിത്തിനെ ഗ്ലീസന്‍ മടക്കുകയായിരുന്നു.
രോഹിത്തിന്റെ മിസ് കാല്‍ക്കുലേഷനും വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ ജോസ് ബട്‌ലറിന്റെ തകര്‍പ്പന്‍ ഡൈവിങ് ക്യാച്ച് കൂടിയായപ്പോള്‍ ഇന്ത്യന്‍ നായകന്റെ പോരാട്ടം 31 റണ്‍സില്‍ അവസാനിച്ചു.
സ്‌പെല്ലിലെ അടുത്ത ഓവര്‍ എറിയാനെത്തിയപ്പോഴും ഗ്ലീസന്‍ ഇന്ത്യയെ പ്രഹരിച്ചുകൊണ്ടേയിരുന്നു. ഇത്തവണയും ബിഗ് ഫിഷ് തന്നെയായിരുന്നു ഗ്ലീസന് മുന്നില്‍ അടിയറവ് പറഞ്ഞത്.
ഫോം ഔട്ടായെന്ന് വിമര്‍ശകര്‍ എണ്ണിയെണ്ണി പറയുമ്പോഴും താന്‍ പഴയ വിരാട് തന്നെയാണെന്ന് ആരാധകര്‍ക്കും എതിരാളികള്‍ക്കും കാണിച്ചുകൊടുക്കാനിറങ്ങിയ മുന്‍ ഇന്ത്യന്‍ നായകനെ നാണംകെടുത്തിയാണ് ഗ്ലീസന്‍ മടക്കിയത്.
മൂന്ന് പന്ത് നേരിട്ട് ഒരു റണ്‍സ് മാത്രം തന്റെ പേരില്‍ എഴുതിച്ചേര്‍ത്ത് വിരാട് കളം വിട്ടപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് 61/2. ഡേവിഡ് മലന്റെ കിടിലന്‍ ക്യാച്ചിലൂടെയായിരുന്നു കോഹ്‌ലി പുറത്തായത്.
തൊട്ടടുത്ത പന്തില്‍ റിഷബ് പന്തിനെയും പുറത്താക്കിയ ഗ്ലീസന്‍ ഇരട്ട പ്രഹരമായിരുന്നു ഇന്ത്യക്കേല്‍പിച്ചത്. ജോസ് ബട്‌ലറിന്റെ കൈകളില്‍ റിഷബ് പന്തിന്റെ പോരാട്ടം അവസാനിക്കുമ്പോള്‍ ഒരു പുത്തന്‍ താരോദയമായിരുന്നു എഡ്ജ്ബാസ്റ്റണില്‍ കണ്ടത്.
തന്റെ നാലോവറില്‍ ഒരു മെയ്ഡനടക്കം 15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഗ്ലീസന്‍ ഇന്ത്യയുടെ മുന്‍നിര താരങ്ങളെ തകര്‍ത്തുവിട്ടത്. കഴിഞ്ഞ മത്സരത്തില്‍ ജസ്പ്രീത് ബുംറയ്ക്ക് ശേഷം ഏറ്റവും മികച്ച എക്കോണമിയില്‍ പന്തെറിഞ്ഞതും ഗ്ലീസന്‍ തന്നെയായിരുന്നു. (ബുംറ മൂന്ന് ഓവര്‍ മാത്രമാണ് ചെയ്തത് എന്ന കാര്യവും ഓര്‍ക്കണം).
ഇംഗ്ലണ്ടിന്റെ ടി-20 ലീഗായ വൈറ്റലിറ്റി ലീഗില്‍ നടത്തിയ പ്രകടനമാണ് ഗ്ലീസനെ ത്രീ ലയണ്‍സിന്റെ ദേശീയ ജേഴ്‌സിയിലെത്തിച്ചത്. മത്സരം തോറ്റെങ്കിലും ഗ്ലീസന്റെ പ്രകടനത്തില്‍ തലയുയര്‍ത്തി തന്നെയാവണം ഇംഗ്ലണ്ട് കളം വിട്ടത്.
ടി-20 പരമ്പരയില്‍ മാത്രമല്ല, മുമ്പ് ഇന്ത്യയ്‌ക്കെതിരെയും കിവീസിനെതിരെയും നടന്ന ടെസ്റ്റിലും ഇംഗ്ലണ്ടിന്റെ അരേങ്ങേറ്റ ബൗളര്‍മാര്‍ കരുത്ത് കാട്ടിയിട്ടുണ്ട്. ടെസ്റ്റില്‍ മാത്യു പോട്‌സായിരുന്നുവെങ്കില്‍ അകദിനത്തില്‍ റിച്ചാര്‍ഡ് ഗ്ലീസന്‍ എന്ന വ്യത്യാസം മാത്രമാണുള്ളത്.
(ജെയിംസ് ആന്‍ഡേഴ്‌സന്റെ ലെഗസി കാത്തുസൂക്ഷിക്കാന്‍ ഇംഗ്ലണ്ട് ഓരോ ബൗളര്‍മാരെ വാര്‍ത്തെടുക്കുന്നു എന്നത് സന്തോഷദായകവുമാണ്)
Content Highlight: Richard Gleeson, New Bowling Sensation of England