റിച്ചാര്‍ഡ് ഫ്‌ലാനഗന് ബുക്കര്‍ പുരസ്‌കാരം
Daily News
റിച്ചാര്‍ഡ് ഫ്‌ലാനഗന് ബുക്കര്‍ പുരസ്‌കാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th October 2014, 8:28 am

richard01[]ലണ്ടന്‍: ആസ്‌ട്രേലിയന്‍ എഴുത്തുകാരന്‍ റിച്ചാര്‍ഡ് ഫ്‌ലാനഗന് ബുക്കര്‍ പുരസ്‌കാരം. “ദ നാരോ റോഡ് ടു ദ ഡീപ് നോര്‍ത്ത്”  എന്ന നോവലാണ് സമ്മാനത്തിന് അര്‍ഹമായത്. ഏറ്റവും മികച്ച കലാസൃഷ്ടിയാണിതെന്നായിരുന്നു ജൂറിയുടെ അഭിപ്രായം.

അന്‍പതിനായിരം പൗണ്ട് (ഏകദേശം 48 ലക്ഷം രൂപ) ആണ് സമ്മാനത്തുക. ബുക്കര്‍ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ ആസ്‌ട്രേലിയക്കാരനാണ് റിച്ചാര്‍ഡ്. ഈ വര്‍ഷം മുതലാണ് ഇംഗ്ലീഷില്‍ എഴുതുന്ന എല്ലാവരെയും ബുക്കര്‍ പുരസ്‌കാരത്തിനായി പരിഗണിക്കാന്‍ തുടങ്ങിയത്.

റിച്ചാര്‍ഡിന്റെ ആറാമത്തെ നോവലാണ് “ദ നാരോ റോഡ് ടു ദ ഡീപ് നോര്‍ത്ത്”. യുദ്ധതടവുകാര്‍ തായിലാന്റ്-ബര്‍മ റയില്‍പ്പാത നിര്‍മിച്ചതിനെ അടിസ്ഥാനമാക്കിയാണ് നോവല്‍ രചിച്ചിരിക്കുന്നത്.

1961 ല്‍ ആയിരുന്നു റിച്ചാര്‍ഡിന്റെ ജനനം. അദ്ദേഹത്തിന്റെ രചനകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാനും ധാരാളം അവാര്‍ഡുകള്‍ സ്വന്തമാക്കാനും കഴിഞ്ഞിട്ടുണ്ട്.

ഈ തലമുറയിലെ ഏറ്റവും മികച്ച ആസ്‌ട്രേലിയന്‍ നോവലിസ്റ്റ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. സിനിമയ്ക്ക് വേണ്ടി കഥയെഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ളയാളാണ് റിച്ചാര്‍ഡ്.

1997 ല്‍ രചിച്ച “ഡത്ത് ഓഫ് എ റിവര്‍ ഗൈഡ്” ആണ് റിച്ചാര്‍ഡിന്റെ ആദ്യ നോവല്‍. ” ദ സൗണ്ട് ഓഫ് വണ്‍ ഹാന്റ് ക്ലാപ്പിങ്”(1998), “ഗൗള്‍ഡ്‌സ് ബുക്ക് ഓഫ് ഫിഷ്”(2001), അണ്‍നോണ്‍ ടെററിസ്റ്റ്”(2006), “വാണ്ടിങ്”(2008) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് നോവലുകള്‍.

“ഗൗള്‍ഡ്‌സ് ബുക്ക് ഓഫ് ഫിഷ്”എന്ന നോവലിന് അദ്ദേഹത്തിന്  കോമണ്‍വെല്‍ത്ത് റൈറ്റേര്‍സ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ” ദ സൗണ്ട് ഓഫ് വണ്‍ ഹാന്റ് ക്ലാപ്പിങ്” എന്ന നോവല്‍ അദ്ദേഹത്തിന്റെ രചന-സംവിധാനത്തില്‍ ചലച്ചിത്രമായിട്ടുണ്ട്. ആറ് കൃതികളാണ് ബുക്കര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്.