ഇന്ത്യ – ഓസ്‌ട്രേലിയ വണ്‍ ഓഫ് ടെസ്റ്റിലെ ബെത് മൂണിയുടെ റണ്‍ ഔട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസീസിന്റെ രണ്ടാം ഇന്നിങ്‌സിലാണ് ഓസീസ് ഓപ്പണറായ മൂണിയെ റിച്ച മടക്കിയത്.
സ്‌നേഹ റാണ എറിഞ്ഞ 12ാം ഓവറിലെ അഞ്ചാം പന്തിലാണ് ബെത് മൂണി പുറത്താകുന്നത്. റിച്ച ഘോഷിന്റെ ജാഗ്രതയും ബെത് മൂണിയുടെ അശ്രദ്ധയുമാണ് വിക്കറ്റില്‍ കലാശിച്ചത്.
റാണയുടെ പന്ത് ഡിഫന്‍ഡ് ചെയ്യാനായിരുന്നു മൂണിയുടെ ശ്രമം. എന്നാല്‍ പന്ത് നേരെ സില്ലി പോയിന്റില്‍ കാത്തുനിന്ന റിച്ചയുടെ കൈകളിലെത്തി. പക്ഷേ മൂണി ക്രീസില്‍ കയറാതെ പുറത്ത് തുടരുന്നത് കണ്ട റിച്ച ഡയറക്ട് ഹിറ്റിലൂടെ അപകടകാരിയായ ബെത് മൂണിയെ മടക്കുകയായിരുന്നു.
തന്റെ അശ്രദ്ധ മുതലെടുത്ത് റിച്ച തന്നെ റണ്‍ ഔട്ടാക്കി എന്ന ഉത്തമ ബോധമുണ്ടായിരുന്ന മൂണി അമ്പയറിന്റെ തീരുമാനത്തിന് മുമ്പ് തന്നെ തിരിച്ചുനടക്കുകയായിരുന്നു.
അതേസമയം, രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ലീഡ് നേടിയിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സ് 69 ഓവര്‍ പിന്നിടുമ്പോള്‍ 13 റണ്‍സിന്റെ ലീഡാണ് ഓസ്‌ട്രേലിയക്കുള്ളത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സില്‍ 219 റണ്‍സിന് ഓള്‍ ഔട്ടായി. താലിയ മഗ്രാത്തിന്റെ അര്‍ധ സെഞ്ച്വറിയും ബെത് മൂണിയുടെ ഇന്നിങ്‌സുമാണ് സന്ദര്‍ശകരെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.
മഗ്രാത്ത് 56 പന്തില്‍ 50 റണ്‍സ് നേടിയപ്പോള്‍ 94 പന്തില്‍ 48 റണ്‍സാണ് മൂണി നേടിയത്. 75 പന്തില്‍ 38 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അലീസ ഹീലിയാണ് ഓസ്‌ട്രേലിയയുടെ മറ്റൊരു റണ്‍ ഗെറ്റര്‍.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കായി പൂജ വസ്ത്രാകര്‍ നാല് വിക്കറ്റ് വീഴ്ത്തി. സ്‌നേഹ റാണ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ട് വിക്കറ്റുമായി ദീപ്തി ശര്‍മയും തിളങ്ങി.
ആദ്യ ഇന്നിങ്‌സില്‍ ലീഡ് ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ഇന്ത്യ മികച്ച രീതിയില്‍ ബാറ്റ് വീശി. ദീപ്തി ശര്‍മ, സ്മൃതി മന്ഥാന, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് ആദ്യ ഇന്നിങ്‌സില്‍ 406 റണ്‍സ് എന്ന മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ദീപ്തി ശര്‍മ 171 പന്തില്‍ 78 റണ്‍സടിച്ചപ്പോള്‍ മന്ഥാന 106 പന്തില്‍ 74 റണ്‍സും ജെമീമ 121 പന്തില്‍ 73 റണ്‍സും നേടി. 104 പന്തില്‍ 52 റണ്‍സായിരുന്നു ഘോഷിന്റെ സമ്പാദ്യം.
ഇവര്‍ക്ക് പുറമെ പൂജ വസ്ത്രാകര്‍ (126 പന്തില്‍ 47), ഷെഫാലി വര്‍മ (59 പന്തില്‍ 40) എന്നിവരുടെ ഇന്നിങ്‌സും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.
ഓസ്‌ട്രേലിയക്കായി ആഷ്ഗീഗ് ഗാര്‍ഡ്‌നര്‍ നാല് വിക്കറ്റ് വീഴ്ത്തി. അന്നബെല്‍ സതര്‍ലാന്‍ഡും കിം ഗാതും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജോസ് ജോനസെന്‍ ഒരു വിക്കറ്റും നേടി.
187 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയ 69 ഓവര്‍ പിന്നിടുമ്പോള്‍ 200 റണ്‍സിന് മൂന്ന് എന്ന നിലയിലാണ്.
37 പന്തില്‍ 33 റണ്‍സ് നേടിയ ബെത് മൂണി, 44 പന്തില്‍ 18 റണ്‍സടിച്ച ഫോബ് ലീച്ച്ഫീല്‍ഡ്, 91 പന്തില്‍ 45 റണ്‍സ് നേടിയ എലിസ് പെറി എന്നിവരുടെ വിക്കറ്റാണ് ഓസീസിന് നിലവില്‍ നഷ്ടമായിരിക്കുന്നത്.
167 പന്തില്‍ 70 റണ്‍സ് നേടിയ താലിയ മഗ്രാത്തും 75 പന്തില്‍ 22 റണ്‍സടിച്ച അലീസ് ഹീലിയുമാണ് ക്രീസില്‍.
Content highlight: Richa Ghosh run outs Beth Mooney