പ്രപഞ്ചത്തിലെ മികച്ച നടി താനാണെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തതിന് പിന്നാലെ നടി കങ്കണ റണൗട്ടിനെ പരോക്ഷമായി വിമര്‍ശിച്ച് നടി റിച്ച ഛദ്ദ. നാര്‍സിസിസത്തിന്റെ (ആത്മരതി) ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാമെന്നതിന്റെ ചെക്ക് ലിസ്റ്റ് അടക്കമുള്ള ട്വീറ്റ് പങ്കുവെച്ച് കൊണ്ടാണ് റിച്ച രംഗത്തെത്തിയത്.
ഒരു ട്വീറ്റില്‍ നാര്‍സിസിസ്റ്റിക് വ്യക്തി വൈകല്യം എങ്ങനെ മനസിലാക്കാമെന്നതിനുള്ള ചെക്ക് ലിസ്റ്റ് പങ്കുവെക്കുമ്പോള്‍ അടുത്ത ട്വീറ്റില്‍ നാര്‍സിസിസറ്റുകളെ ഒരിക്കലും തിരുത്താന്‍ കഴിയില്ലെന്നും കാരണം അവര്‍ തിരുത്തപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് പറയുന്നത്.
മറ്റൊരു ട്വീറ്റില്‍ ആത്മാരാധന മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റ് കാണുമ്പോള്‍ നിങ്ങള്‍ക്കെന്താണ് മനസില്‍ വരുന്നതെന്നും റിച്ച ചോദിക്കുന്നു.
ട്വിറ്ററിലൂടെയായിരുന്നു നടി കങ്കണ താനാണ് മികച്ച നടിയെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. തന്റെ പുതിയ ചിത്രങ്ങളായ തലൈവി, ദക്കട് എന്നിവയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം.
‘ഞാനിപ്പോള്‍ കാണിക്കുന്നത് പോലുള്ള പ്രകടനമികവ് ഇപ്പോള്‍ ഈ ലോകത്തിലെ ഒരു നടിക്കുമില്ല. പല ലെയറുകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എനിക്ക് മെറില്‍ സ്ട്രീപ്പീനെപോലെ സാധിക്കും. അതിലുപരി സ്‌കില്‍ഡ് ആക്ഷന്‍ കഥാപാത്രങ്ങളും ഗ്ലാമര്‍ വേഷങ്ങളും ഗാല്‍ ഗദോത്തിനെപ്പോലെ അവതരിപ്പിക്കാനും എനിക്ക് സാധിക്കും,” കങ്കണ പറഞ്ഞു.
തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയായി കങ്കണ റണൗത്ത് വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് തലൈവി.
അരവിന്ദ് സ്വാമിയാണ് എം.ജി.ആറായി ചിത്രത്തിലെത്തുന്നത്. ആരാധകരുടെ ഇഷ്ടജോഡിയായി വെള്ളിത്തിരയില്‍ നിറഞ്ഞാടിയവരായിരുന്നു ജയലളിതയും എം.ജി.ആറും. നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. 1965 മുതല്‍ 1973 കാലയളവില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും ഇരുവരും നായികനായകന്മാരായി എത്തിയിരുന്നു.പിന്നീട് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കിറങ്ങിയ എം.ജി.ആറിന്റ വഴി തന്നെയാണ് ജയലളിതയും പിന്തുടര്‍ന്നത്.
ജയലളിതയുടെ പതിനാറ് വയസ്സുമുതലുള്ള ജീവിതവും വ്യക്തിജീവിതവും രാഷ്ട്രീയ പ്രവേശനവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. എ.എല്‍ വിജയ് ആണ് തലൈവി സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലാണ് ചിത്രമൊരുങ്ങുന്നത്.ഇന്ദിരാഗാന്ധിയായി കങ്കണ എത്തുന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
അതേസമയം ഷക്കീലയുടെ ജീവിത കഥപറയുന്ന ചിത്രത്തില്‍ ഷക്കീലയായി രംഗത്തെത്തുന്നത് റിച്ച ഛദ്ദയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക