ശക്തമായ നിലപാട് കൊണ്ടും കഥാപാത്രങ്ങള്‍ കൊണ്ടും ബോളിവുഡില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ നടിയാണ് റിച്ച ഛധ. ഇപ്പോഴിതാ തനിക്ക് നേരേ വംശീയാധിക്ഷേപം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി.
ഒരു ചിത്രത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ജിയയയിലെത്തിയപ്പോഴാണ് ഒരു ഉദ്യോഗസ്ഥ തന്നെ വംശീയമായി അധിക്ഷേപിച്ചതെന്നാണ് റിച്ച പറഞ്ഞത്.
“കഴിഞ്ഞ ദിവസമാണ് ജോര്‍ജിയ വിമാനത്താവളത്തില്‍ വെച്ച് തനിക്ക് ദുരനുഭവമുണ്ടായത്. വിമാനത്താവളത്തില്‍വെച്ച് പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥയാണ് തന്നോട് വംശീയ വിദ്വേഷം പ്രകടമാകുന്ന രീതിയില്‍ പെരുമാറിയത്”- റിച്ച പറഞ്ഞു.
“പാസ്‌പോര്‍ട്ട് വെരിഫിക്കേഷനെത്തിയപ്പോള്‍ ഉദ്യോഗസ്ഥ എന്റെ പാസ്‌പോര്‍ട്ട് വാങ്ങി നോക്കി. അതിന് ശേഷം രണ്ടു തവണയാണ് അവര്‍ അത് മേശയിലേക്ക് വലിച്ചെറിഞ്ഞത്.
എന്നിട്ട് തന്നോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ രാജ്യം വിട്ടുപോകുമ്പോള്‍ ഇത്തരം ആളുകളെ കാണേണ്ടിവരുന്നത് ദു:ഖകരമാണെന്നാണ് റിച്ച പറഞ്ഞത്.
അതേസമയം താന്‍ ജോര്‍ജിയയില്‍ വെച്ച് തന്നെ ഒരു കാബ് ഡ്രൈവറെ പരിചയപ്പെട്ടിരുന്നു. മാന്യമായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. അയാളുടെ ഭാഷ തനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ ആംഗ്യങ്ങളിലൂടെ ഞങ്ങള്‍ സംസാരിച്ചു. വളരെ മാന്യമായി സ്‌നേഹത്തോടെയാണ് അദ്ദേഹം എന്നോട് സംസാരിച്ചതെന്നായിരുന്നു റിച്ച ട്വിറ്ററില്‍ കുറിച്ചു.
ഇതിന് തൊട്ടുപിന്നാലെയാണ് പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥയില്‍ നിന്നും ദുരനുഭവമുണ്ടായതെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.