| Friday, 15th February 2019, 10:01 pm

വികാരങ്ങളില്‍ നിന്നല്ല ദേശീയത ഉണരേണ്ടത്; ചിന്തിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും കഴിയണം; പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി റിച്ച ഛദ്ദ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുല്‍വാമ: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി റിച്ച ഛദ്ദ. ഇന്ത്യന്‍ പട്ടാളത്തെ നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ യുദ്ധവും യുദ്ധസമാനമായ അന്തരീക്ഷവും ഒരുക്കരുതെന്ന് നടി ട്വീറ്റ് ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കെയാണ് ഛദ്ദയുടെ ട്വീറ്റ്.

യുദ്ധാഹ്വാനം നടത്തി നിരവധിയാളുകളുടെ ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും അധികമായപ്പോഴാണ് ഛദ്ദ പട്ടാളക്കാര്‍ യന്ത്രമനുഷ്യരല്ലെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്. അവര്‍ മനുഷ്യരാണെന്നും കുടുംബം ഉള്ളവരാണെന്നും റിച്ച പറഞ്ഞു.

പുല്‍വാമ ആക്രമണത്തിന്റെ സാഹചര്യത്തില്‍ ഉയര്‍ന്ന ദേശീയതയേയും ഛദ്ദ പരിഹസിക്കുന്നുണ്ട്. ശരിയായ ചോദ്യങ്ങള്‍ ചോദിക്കാനും സ്വയം ചിന്തിക്കാനുമുള്ള ബോധം ഇന്ത്യക്കാര്‍ കൈവിടരുതെന്ന് ഓര്‍മിപ്പിച്ച റിച്ച, ഇതെല്ലാം പരിഗണിച്ചുകൊണ്ടുള്ള ദേശീയത ഉണ്ടാകണമെന്നും ആഹ്വാനം ചെയ്തു.

ALSO READ: തിരിച്ചുവന്ന് ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെതിരെ മൂന്ന് ഗോള്‍ ജയം

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ ഇന്നലെ വൈകീട്ട് 3.15 ഓടെയാണ് സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 39 സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്.

1980ന് ശേഷം ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണ് കശ്മീരില്‍ സൈനികര്‍ക്കെതിരെയുണ്ടായത്. 2001ല്‍ ശ്രീനഗര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more