[] തിരുവനന്തപുരം: പണമുള്ളവര്‍ക്കും രാഷ്ട്രീയസ്വാധീനമുള്ളവര്‍ക്കും ജയിലില്‍ സുഖവാസവും പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും പീഡനവുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി.
പത്തനംതിട്ട ജില്ലാ ജയിലില്‍ ഇദ്യോഗസ്ഥരുടെ പീഡനത്തിനിരയായ അബ്ദുള്‍ കരീം എന്ന റിമാന്‍ഡ് തടവുകാരന്റെ ദുരവസ്ഥ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനയച്ച കത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഇടക്കാല ഉത്തരവിലാണ് കമ്മീഷന്‍ ജയില്‍ അധികൃതര്‍ക്ക് നേരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
തടവുകാരന്‍ ഉദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറിയെന്നും ശരീരത്തിലെ മുറിവ് മറിഞ്ഞുവീണുണ്ടായതാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ തടവുകാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുമ്പോള്‍ ഇത്തരം വിശദീകരണങ്ങള്‍ പതിവാണെന്നും സംഭവത്തെക്കുറിച്ച് ജയില്‍മേധാവി നേരിട്ടന്വേഷിക്കണമെന്നും ജസ്റ്റിസ് ജെ.ബി കോശി ഉത്തരവിട്ടു.
ഇതിനെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലാ ജയില്‍ ഹെഡ് വാര്‍ഡന്‍ സുരേഷിനെയും വാര്‍ഡന്‍ സത്താറിനെയും സ്ഥലം മാറ്റാന്‍ നിര്‍ദ്ദേശമുണ്ട്. ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ കാര്യം ജയില്‍ മേധാവി പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
തടവുകാരന്‍ എത്ര ഭീകരനായാല്‍പ്പോലും അയാള്‍ സര്‍ക്കാരിന്റെ സംരക്ഷണയിലാണെന്നും കുറ്റവാളികളായ ഉദ്യോഗസ്ഥരെ സൂപ്രണ്ട് സംരക്ഷിക്കരുതെന്നും അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും കമ്മീഷന്‍ പറഞ്ഞു.
പ്രസ്തുതവിഷയത്തില്‍ ജനുവരി പത്തിനകം ജില്ലാ ജയില്‍ സൂപ്രണ്ട് വിശദീകരണവും ജയില്‍ മേധാവി അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.